ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ ഫോണുകളും പണവും കവർന്നയാൾ പിടിയിൽ
1600739
Saturday, October 18, 2025 5:49 AM IST
പേരൂര്‍ക്കട: കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിയില്‍ റിസപ്ഷന് ഏരിയയില്‍ ഉറങ്ങുകയായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നയാളെ പിടികൂടി.
തിരുവനന്തപുരം വെഞ്ഞാറമൂട് രാജേശ്വരി ഭവനില്‍ എന്‍എസ്കെ എന്നറിയപ്പെടുന്ന മുരളി (59) ആണ് ദിവസങ്ങള്‍ക്കു മുമ്പ് അര്‍ധരാത്രിയോടടുത്ത് ആശുപത്രിയിലെത്തി മോഷണം നടത്തിയത്. കരമന എസ്ഐ ശ്രീജിത്ത്, ഗ്രേഡ് എസ്ഐ സതീഷ്കുമാര്‍, എസ്സിപിഒ അജി, സിപിഒമാരായ കിരണ്‍, അനു എന്നിവരടങ്ങുന്ന സംഘമാണ് തമ്പാനൂരിലെ ഒരു ഹോട്ടലിനു സമീപത്തുനിന്നും ഇയാളെ പിടികൂടിയത്.
കരമനയില്‍ താമസിക്കുന്ന രണ്ടുപേര്‍ തങ്ങളുടെ ബന്ധുവിന് കൂട്ടിരിക്കാനായി എത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ റിസപ്ഷന് ഏരിയയില്‍ ഉറങ്ങുന്നതു ശ്രദ്ധിച്ച പ്രതി നാലു മൊബൈല്‍ ഫോണുകള്‍, മൂന്ന് എടിഎം കാര്‍ഡുകള്‍, 700 രൂപ എന്നിവ ഇവരുടെ ബാഗില്‍ നിന്നു കവരുകയായിരുന്നു.
പുലര്‍ച്ചെ നാലിന് ഉണര്‍ന്ന കൂട്ടിരിപ്പുകാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതോടെ പോലീസില്‍ പരാതി നല്കി. 32,000 രൂപ വിലവരുന്ന ഒരു ഫോണും പണവുമാണ് പ്രതിയില്‍ നിന്നു കണ്ടെത്താനായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.