യുവാവിന്റെ കൈയിൽ കുടുങ്ങിയ വിലങ്ങ് ഫയർഫോഴ്സ് മുറിച്ചു മാറ്റി
1600751
Saturday, October 18, 2025 6:00 AM IST
പേരൂര്‍ക്കട: യുവാവിന്റെ ഇടതു കൈത്തണ്ടയില്‍ കുടുങ്ങിയ വിലങ്ങ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുറിച്ചു നീക്കി. മണക്കാട് സ്വദേശിയായ 25കാരന്റെ കൈകളില്‍ അണിഞ്ഞിരുന്ന വിലങ്ങാണ് ഇടതു കൈത്തണ്ടയുടെ ഭാഗത്ത് കുടുങ്ങുകയും ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റുകയും ചെയ്തത്.
മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് ഫോര്‍ട്ട് പോലീസ് 25കാരനെ സ്റ്റേഷനിലെത്തിച്ചത്. ഇവിടെയും ഇയാള്‍ അക്രമാസക്തനായതോടെ വിലങ്ങണിയിക്കുകയായിരുന്നു. യുവാവ് ബഹളം തുടര്‍ന്നതോടെ വിലങ്ങ് ഇടതു കൈത്തണ്ടയില്‍ കുടുങ്ങി.
ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തിരുവനന്തപുരം ഫയര്സ്റ്റേഷനിലെത്തിച്ചു. ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ സതീഷ്കുമാറും ഉദ്യോഗസ്ഥരായ എം.എസ് ഷഹീര്‍, വി.എസ് സവിന്‍ എന്നിവരും ചേര്‍ന്ന് 20 മിനിറ്റ് പരിശ്രമിച്ചാണ് വിലങ്ങ് നീക്കിയത്.