ശ്മശാന ഭൂമിയിൽ മാലിന്യം കത്തിക്കൽ: കരാറുകാരന് പിഴ ചുമത്തി
1600758
Saturday, October 18, 2025 6:06 AM IST
വിതുര: മേമല വാർഡ് പരിധിയിലെ ശ്മശാന ഭൂമിയിൽ പഞ്ചായത്ത് ഓഫീസിൽ നിന്നുള്ള മാലിന്യം കത്തിച്ച സംഭവത്തിൽ കരാറുകാരന് പിഴ ചുമത്തി പഞ്ചായത്ത്. മേമല സ്വദേശി ശ്രീകുമാറിനാണ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾ പ്രകാരം 5,000 രൂപ പിഴ ചുമത്തിയത്. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണവും സംസ്കരണവും നടക്കുന്നതിനിടെ ശ്മശാന ഭൂമിയിൽ മാലിന്യം കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തു വന്നതു വിവാദമായിരുന്നു.
പിന്നാലെ യുഡിഎഫ് രംഗത്ത് വന്നിരുന്നു. പേപ്പർ മാലിന്യത്തിനു പുറമേ ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറി ഷിബു പ്രണാബിനെ പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.
എന്നാൽ ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യം കത്തിച്ചെന്ന വാദം തെറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശ്മശാനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി തെറ്റിധാരണ പരത്താൻ വേണ്ടി വിഷയം യുഡിഎഫ് വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും മാലിന്യം കത്തിച്ച സംഭവത്തിൽ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.