വിമാനത്താവളത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
1600740
Saturday, October 18, 2025 5:49 AM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ ഫീനിക്സ് 25 എന്ന പേരിൽ ഫുൾ സ്കെയിൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. എയ്റോഡ്രോം അടിയന്തര പ്രതികരണ പദ്ധതി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് മോക് ഡ്രിൽ നടത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിശീലന പരിപാടിയിലൂടെ അഗ്നിശമന പ്രവർത്തനങ്ങൾ, ജീവൻ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളാണ് വിശകലനം ചെയ്തത്.
വിമാനത്താവളത്തിനുള്ളിൽ രാത്രിയിൽ അടിയന്തര സാഹചര്യം ഉണ്ടായാലുള്ള പ്രതികരണ ശേഷിയാണ് കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ച് എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് സർവീസസിന്റെ നേതൃത്വത്തിൽ വിലയിരുത്തിയത്.
വിമാനത്താവളത്തിലെ വിവിധ വകുപ്പുകൾക്കൊപ്പം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യവകുപ്പ്, പോലീസ്, സ്വകാര്യ ആശുപത്രികൾ എന്നിവരും മോക് ഡ്രില്ലിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ മോക് ഡ്രിൽ നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കി.