ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ പാക്കേജുമായി കിംസ്ഹെല്‍ത്ത്
1600742
Saturday, October 18, 2025 5:49 AM IST
തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിസ്വാർത്ഥ സേവനത്തിന് ആദരമർപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും അവതരിപ്പിച്ചു. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി തിരഞ്ഞെടുത്ത ഇരുന്നൂറോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും ഈ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും.
കിംസ്ഹെല്‍ത്തില്‍ 'വീൽസ് ഓഫ് ഹോപ്പ്' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് എം.കെ. സുല്‍ഫിക്കര്‍ പാക്കേജ് അവതരിപ്പിച്ചു. കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷത വഹിച്ചു.
കിംസ്ഹെല്‍ത്ത് സംഘടിപ്പിക്കാനൊരുങ്ങുന്ന ട്രോമ അപ്ഡേറ്റ് കോൺഫറൻസ്, ട്രോമ റെസസ് 2025 ലേക്കുള്ള ആദ്യ ഇൻവിറ്റേഷനും ഈ പരിപാടിയുടെ ഭാഗമായി നടത്തി. കിംസ്ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന് വിഭാഗം കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. ഷമീം കെ.യു. ചടങ്ങില്‍ സ്വാഗതവും ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോ-ഓർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീർ നന്ദിയും അറിയിച്ചു.