റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : മൂന്നു ലക്ഷത്തിലധികം രൂപയുടെ റബർ ഷീറ്റുകളും കെട്ടിടവും കത്തിനശിച്ചു
1600738
Saturday, October 18, 2025 5:49 AM IST
കാട്ടാക്കട: റബർ പുകപ്പുരയ്ക്ക് തീപിടിച്ചു വൻനാശനഷ്ടം.മൂന്നു ലക്ഷത്തിലധികം രൂപയുടെ റബർ ഷീറ്റുകളും 700 സ്ക്വയർ ഫീറ്റിലെ കെട്ടിടവും കത്തി നശിച്ചു.
കാട്ടാക്കട പൂവച്ചൽ കള്ളോട് സ്വദേശി ഷൗക്കത്തലിയുടെ വീടിനു മുന്നിലെ 700 സ്ക്വയർ ഫീറ്റിൽ ഉള്ള പുകപ്പുരയാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാവിലെയാണ് ഇവിടെ റബ്ബർ ഷീറ്റുകൾ ഉണങ്ങാനായി നിറച്ചത്. രാത്രി പത്തുമണിയോടെയാണ് തീ പിടിക്കുന്നത്. കാട്ടാക്കടയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തീ കെടുത്തിയെങ്കിലും റബർ ഷീറ്റ് ആയതിനാൽ വീണ്ടും കത്താനുള്ള സാധ്യത ഉണ്ടായിരുന്നു. തുടർന്ന് പുകപ്പുരയുടെ ഭിത്തിയുടെ ഒരുഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ച് വലിയ ദ്വാരമുണ്ടാക്കി ഇതിലൂടെ ഉരുകിയ റബർ ഷീറ്റുകൾ ജെസിബി കൊണ്ട് തന്നെ പുറത്തേക്ക് എടുത്തു. വീണ്ടും വെള്ളം ചീറ്റി തീ പൂർണമായും കെടുത്തി.
30 വർഷത്തിലധികമായി ഇത്തരത്തിൽ റബ്ബർ ഷീറ്റ് പുകയിട്ട് ഉണക്കുന്നത് പതിവായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഷൗക്കത്തലി പറഞ്ഞു. കാട്ടാക്കട അഗ്നി രക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനുവിന്റെ നേതൃത്വത്തിൽ മനോജ്,ഷഫീഖ്,ആനന്ദ്, അനു,നൗഫൽ,വിജിൻ,സുമേഷ്,വിനോദ് എന്നിവരാണ് തീയണക്കാൻ പരിശ്രമിച്ചത്.