തകർന്ന ബാരിക്കേഡ് കാണാതെ അധികൃതർ; വാഹനയാത്രികർ അപകട ഭീഷണിയിൽ
1600746
Saturday, October 18, 2025 5:49 AM IST
വിഴിഞ്ഞം : വാഹനയാത്രക്കാരുടെ സുരക്ഷക്കായി നിർമിച്ച ബാരിക്കേഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും തിരിഞ്ഞ് നോക്കാതെ ദേശീയപാത അധികൃതർ. കോവളം - കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലാണ് അപകടക്കെണി.
മാസങ്ങൾക്ക് മുൻപ് ഇവിടെ അമിത ഭാരം കയറ്റി വന്ന രണ്ട് വാഹനങ്ങൾ കയറ്റം കയറാനാകാതെ താഴെക്ക് ഉരുണ്ട് ഏലായിലേക്ക് പതിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. വിഴിഞ്ഞം മുക്കോല , കല്ലുവെട്ടാൻ കുഴി എന്നിവിടങ്ങളിൽ നിന്ന് കുത്തനെയുള്ള ഇറക്കം വന്നവസാനിക്കുന്ന ഭാഗത്തുള്ള സുരക്ഷാവേലിയാണ് തകർന്നത്. മുന്നറിയിപ്പ് സംവിധാനങ്ങളോ തെരുവ് വിളക്കുകളോ ഇല്ലാത്ത വിജനമായ സ്ഥലത്ത് അപകടത്തിൽപ്പെട്ടാൽ വാഹനങ്ങൾ ഇരുപതടിയോളം താഴ്ചയുള്ള ഏലായിലേക്ക് പതിക്കും.
ബാരിക്കേഡ് തകർന്ന ഭാഗത്ത് ഉയർന്ന് നിൽക്കുന്ന ഇരുമ്പ് കമ്പി വഴിയാത്രക്കാർക്ക് പോലും ഭീഷണിയായിമാറി. ചതുപ്പായിരുന്ന വെങ്ങാനൂർ ഏലാനികത്തി കെട്ടിപ്പൊക്കിയ ബൈപ്പാസും ബൈറോഡും വെള്ളക്കെട്ടിനും വഴി തെളിച്ചിരുന്നു. റോഡിന് ഭീഷണിയായ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്താണ് ബാരിക്കേഡ് തകർന്നുള്ള അപകടക്കെണി. ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.