മൂന്ന് വര്ഷത്തിനകം പശുക്കള്ക്ക് സമഗ്ര ഇന്ഷ്വറന്സ് പരിരക്ഷ: മന്ത്രി ചിഞ്ചുറാണി
1487168
Sunday, December 15, 2024 3:22 AM IST
കരിന്തളം: കേന്ദ്ര സഹായത്തോടെയുള്ള സമഗ്ര ഇന്ഷ്വറന്സ് പദ്ധതിയിലൂടെ മൂന്നു വര്ഷത്തിനകം സംസ്ഥാനത്തെ മുഴുവന് കര്ഷകരുടെയും പശുക്കള്ക്ക് ഇന്ഷ്വറന്സ് പരിരക്ഷ ഉറപ്പുവരുത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കാലിച്ചാമരം ക്ഷീരോത്പാദക സംഘം പരിസരത്ത് ക്ഷീരവികസന വകുപ്പിന്റെയും വിവിധ ക്ഷീരസംഘങ്ങളുടെയും നേതൃത്വത്തിലുള്ള ജില്ലാതല ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷീര മേഖലയില് സ്വയംപര്യാപ്തതയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനം കൂടുതലാണെങ്കിലും ആകെ ഉത്പാദനത്തിന്റെ പകുതി പാല് മാത്രമേ ക്ഷീരസംഘങ്ങളില് എത്തുന്നുള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി.
അഞ്ചു വര്ഷത്തിനു ശേഷം സംസ്ഥാനത്ത് കന്നുകാലി സര്വേ നടക്കുകയാണ്. കുടുംബശ്രീ പ്രവര്ത്തകരെ ഉപയോഗിച്ചാണ് സര്വേ നടത്തുന്നത്. ആരോഗ്യമേഖലയിലെ ആശ വര്ക്കര്മാരെ പോലെ മൃഗസംരക്ഷണ മേഖലയില് "പശു സഖിമാര്' എന്ന പേരിൽ ഇവർ പ്രവര്ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വെയിലേറ്റ് മരിച്ച പശുക്കള്ക്കും ചര്മമുഴ വന്ന പശുക്കള്ക്കും സര്ക്കാര് നഷ്ടപരിഹാരം നല്കി വരികയാണ്. കർഷകർ പശുക്കളെ വാങ്ങാന് എടുക്കുന്ന കടത്തിന്റെ പലിശ സര്ക്കാര് നല്കും. അതിദരിദ്ര വിഭാഗത്തില്പെട്ടവര്ക്ക് 95 ശതമാനം സബ്സിഡിയോടെ സര്ക്കാര് പശുവിനെ നല്കും. ഒരു ഹെക്ടര് തീറ്റപ്പുല്കൃഷിക്ക് 16000 രൂപ സബ്സിഡി നല്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര് ശാലിനി ഗോപിനാഥ് പദ്ധതികൾ വിശദീകരിച്ചു. ഏറ്റവുമധികം പാല് സംഭരിച്ച ക്ഷീരസഹകരണ സംഘങ്ങൾക്കും കർഷകർക്കും അവാർഡുകൾ നല്കി.
മില്മ ചെയര്മാന് കെ.എസ്. മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് മുത്തോലി, പ്രസന്ന പ്രസാദ്, ഗിരിജ മോഹനന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, കിനാനൂര് കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, അംഗങ്ങളായ ഉമേശന് വേളൂര്, മനോജ് തോമസ്, കെ.വി. ബാബു, കേരള ക്ഷീരകര്ഷക ക്ഷേമനിധി ബോര്ഡ് ഡയറക്ടര് കെ.വി. കൃഷ്ണന്, പി.പി. നാരായണന്, കെ. സുധാകര്, രാജന്, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര് കെ. ഉഷാദേവി, കേരള ഫീഡ്സ് മാര്ക്കറ്റിംഗ് മാനേജര് നിഥുൻ, വെറ്ററിനറി സര്ജന് എം.ജെ. അഭിറാം, പി ആൻഡ്ഐ ഐ ജില്ലാ മേധാവി വി. ഷാജി, ടി.വി. അശോകന്, കൃഷ്ണന് പനങ്കാവ്, കെ.എ. പ്രഭാകരന്, സോണിയ ജോസഫ്, പി.എ. തോമസ്, എ.കെ. രാധാകൃഷ്ണന്, എം. രാജന്, സി.വി. ഭാവനന്, എന്. പുഷ്പരാജന്, എ. വേലായുധന്, താജുദ്ദീന് കമ്മാടം, കുര്യാക്കോസ് പ്ലാപ്പറമ്പില്, സി.എസ്. പ്രദീപ്കുമാര്, പി.ആര്. ബാലകൃഷ്ണന്, കെ.യു. രാജേഷ് എന്നിവർ പ്രസംഗിച്ചു.