പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം 23ന്
1601046
Sunday, October 19, 2025 7:36 AM IST
രാജപുരം: മലയോരമേഖലയിൽ ഡയാലിസിസിന് വിധേയമാകേണ്ടിവരുന്നവർക്ക് ആശ്വാസമായി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കാലങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ച ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം 23 ന് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇവിടെ ഡയാലിസിസ് കേന്ദ്രം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായത്. എന്നാൽ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പലവിധ കാരണങ്ങൾ പറഞ്ഞ് അനന്തമായി നീളുകയായിരുന്നു. 2022 ൽ ഇതിനായി ആശുപത്രിയുടെ പഴയ കെട്ടിടം നവീകരിച്ചിരുന്നു. എന്നാൽ വൈദ്യുതീകരണമടക്കമുള്ള ജോലികൾ പിന്നെയും വൈകി.
കാത്തിരിപ്പ് നീണ്ടുപോയപ്പോൾ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം കടുത്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ താത്കാലികമായി ജീവനക്കാരെ നിയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തടസങ്ങളെ തുടർന്ന് പ്രവർത്തനം മാസങ്ങളോളം നീണ്ടുപോയി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡയാലിസിസ് യൂണിറ്റ് അനുവദിച്ചത്. 86 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുബന്ധ ചെലവുകൾക്ക് ആവശ്യമായ തുക നീക്കിവച്ചിരുന്നു. ഒരേ സമയത്ത് ഒമ്പത് പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങളിലേക്കായി ഒരു മെഷീൻ അധികമായി സൂക്ഷിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.