മുറിവേറ്റ വിരലിനാല്‍ ഡിസ്ക് തൊടുത്തു റിക്കാര്‍ഡിലേക്ക്
1600620
Saturday, October 18, 2025 1:25 AM IST
നീലേശ്വരം: ഡിസ്ക് തൊടുക്കേണ്ട വലതുകൈയിലെ ചൂണ്ടുവിരലിനു തന്നെ മുറിവേറ്റിട്ടും സോനയുടെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് വന്നില്ല. ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ സ്വന്തം റിക്കാര്‍ഡാണ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര് ടി.സോന മോഹന്‍ തകര്‍ത്തത്. 39.01 മീറ്റര്‍ ദൂരമാണ് സോന ഡിസ്ക് പായിച്ചത്.
സംസ്ഥാന റിക്കാര്‍ഡിനെ മറികടക്കുന്ന പ്രകടനമാണിത്. പരിക്ക് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ സ്വപ്നദൂരമായ 40 മീറ്റര്‍ താണ്ടാന്‍ കഴിഞ്ഞേനെ. കഴിഞ്ഞവര്‍ഷം സ്ഥാപിച്ച 36.96 മീറ്റര്‍ എന്ന സ്വന്തം റിക്കാര്‍ഡാണ് ഈ മിടുക്കി തകര്‍ത്തത്.
ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ജൂണിയര്‍ അത് ലറ്റിക് മീറ്റില്‍ പങ്കെടുത്ത് ട്രെയിന്‍ യാത്ര കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സോന വീട്ടിലെത്തുന്നത്. പിറ്റേന്ന് രാവിലെ വന്ന് മത്സരത്തില്‍ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. ഈ മത്സരങ്ങള്‍ നേരത്തെ കഴിഞ്ഞിരുന്നെങ്കിലും മേളയുടെ അവസാനദിവസം സോനയ്ക്ക് മത്സരിക്കാന്‍ അധികൃതര്‍ അവസരം നല്‍കുകയായിരുന്നു.
കഴിഞ്ഞതവണത്തെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വെള്ളിയും സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണവും നേടിയിരുന്നു. കെസി ത്രോസ് അക്കാദമിയുടെ താരമായ സോന ചെറുവത്തൂര്‍ കാരിയിലെ ഓട്ടോഡ്രൈവര്‍ മോഹന്റെയും സൗമ്യയുടെയും മകളാണ്.