ശാന്തമ്മ ഫിലിപ്പിന്റെ പരാതി: റിപ്പോർട്ട് നൽകിയത് രേഖകൾ പരിശോധിച്ചെന്ന് സഹകരണ വകുപ്പ്
1599527
Tuesday, October 14, 2025 1:49 AM IST
ചിറ്റാരിക്കാൽ: ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് അയോഗ്യത കല്പിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് നൽകിയ പരാതിയിൽ വിശദീകരണവുമായി സഹകരണ വകുപ്പും ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കും രംഗത്തെത്തി.
സഹകരണ വകുപ്പിന്റെ ജില്ലാ ഓഫീസിൽ തപാലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സഹകരണവകുപ്പ് വെള്ളരിക്കുണ്ട് താലൂക്ക് അസി. രജിസ്ട്രാറുടെ ഓഫീസ് അറിയിച്ചു. പരാതിയിൽ പറഞ്ഞ വസ്തുതകളുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തി രേഖകൾ പരിശോധിച്ചതിന്റെയും ബാങ്കിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ശാന്തമ്മ ഫിലിപ്പിന് അയോഗ്യത കൽപ്പിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ശാന്തമ്മ ഫിലിപ്പ് 2022 ഒക്ടോബർ 26 ന് ഈസ്റ്റ് എളേരി ബാങ്കിൽ നിന്നെടുത്ത 50,000 രൂപ വായ്പയുടെ തിരിച്ചടവ് കാലാവധി രണ്ടു വർഷമാണെന്നത് ശരിയാണെന്നും എന്നാൽ 25,000 രൂപയും പലിശയും 2023 ഒക്ടോബർ 26ന് തിരിച്ചടക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നതായും ബാങ്ക് സെക്രട്ടറി ആൻസിക്കുട്ടി അറിയിച്ചു.
അത് അടക്കാതിരുന്നതുകൊണ്ടാണ് ഇവർക്ക് കുടിശികയുണ്ടെന്ന് സഹകരണ വകുപ്പിന്റെ കത്തിന് മറുപടി നൽകിയതെന്നും അവർ വിശദീകരിച്ചു.
അതേസമയം തപാലിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് ഹിയറിംഗ് പോലും നടത്താതിരുന്നതിനാലാണ് പരാതിക്കാരൻ വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ ആളാണെന്ന കാര്യം അറിയാതെ പോയതെന്ന ശാന്തമ്മ ഫിലിപ്പിന്റെ ആരോപണം നിഷേധിക്കാൻ സഹകരണവകുപ്പിന് കഴിഞ്ഞിട്ടില്ല.
വായ്പയുടെ തിരിച്ചടവ് കാലാവധി രണ്ടുവർഷമായിരിക്കേ ഒരു വർഷം കഴിയുമ്പോൾ പകുതി തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്ന ബാങ്കിന്റെ വാദവും ഇവർ ചോദ്യം ചെയ്യുകയാണ്.