ദീപിക കളര്‍ ഇന്ത്യ: നിറമേഴും ചാലിച്ച ചിത്രമായി റാഫിദ
1598603
Friday, October 10, 2025 7:33 AM IST
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ വിഷമഴ മാറാരോഗം സമ്മാനിച്ചപ്പോഴും തോറ്റുകൊടുക്കാന്‍ ആ ബാലിക തയാറായിരുന്നില്ല. ഒരു രോഗാവസ്ഥയ്ക്കും തന്റെ ജീവിതത്തിലെ നിറങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന ഈ ഏഴുവയസുകാരിയുടെ ആത്മവിശ്വാസം അതിജീവനത്തിന്റെ പുതിയൊരു പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്. ഇതു പെര്‍ള നവജീവന സ്പെഷല്‍ സ്കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ഥിനി ഖദീജത്ത് റാഫിദ സുലൈന.
ദീപിക കളര്‍ ഇന്ത്യ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലാതലത്തില്‍ കെജി വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയാണ് ഈ ഭിന്നശേഷി വിദ്യാര്‍ഥിനി വിസ്മയിപ്പിച്ചത്.
തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗബാധിതയാണ് റാഫിദ. അമ്പതുശതമാനമാണ് റാഫിദയെ രോഗം ബാധിച്ചിരിക്കുന്നത്. എങ്കിലും പാട്ടുപാടുകയും നൃത്തം ചെയ്യും ചിത്രം വരയ്ക്കുകയുമൊക്കെ ചെയ്യുന്ന മിടുമിടുക്കിയായ വിദ്യാര്‍ഥിനിയാണ് റാഫിദയെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ചെമ്പോട്ടിക്കല്‍ പറയുന്നു.
പുത്തിഗെ കട്ടത്തടുക്കയിലെ മൊയ്തീന്-റസിയ ദമ്പതികളുടെ മകളാണ്. ഫാത്തിമത്ത് റാണ, മറിയമത്ത് റാഷ, നഫീസത്ത് റൈഫ എന്നിവര്‍ സഹോദരങ്ങളാണ്.