സുരങ്കകളുടെ സ്പെഷല്‍ പ്രോജക്ട് ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കണം: കേന്ദ്രസംഘം
1597577
Tuesday, October 7, 2025 1:20 AM IST
കാസര്‍ഗോഡ്: ജില്ലയിലെ സുരങ്ക ഉള്‍പ്പെടെയുള്ള പരമ്പരാഗത ജലസ്രോതസുകളെ ശക്തിപ്പെടുത്തി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേന്ദ്രസംഘം. ജില്ലയിലെ സുരങ്കകളുടെ നവീകരണം ഒരു സ്പെഷല്‍ പ്രോജക്ട് ഏറ്റെടുത്ത് നടത്തുവാനുള്ള സാധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദേശിച്ചു. ജില്ലയില്‍ ഓരോ വകുപ്പും ഈ സാമ്പത്തിക വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തി.
കൃത്രിമ ഭൂജല സംപോഷണ പദ്ധതികളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ ക്രിട്ടിക്കല്‍ ബ്ലോക്കായ കാസര്‍ഗോഡ് ബ്ലോക്കില്‍ മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രസംഘത്തിന്റെ തലവന്‍ കൂടിയായ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ ഡയറക്ടര്‍ ജനറല്‍ പി. മനോജ് കുമാര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ജല്‍ശക്തി അഭിയാന് 2025 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കളക്ടറുടെ ചേംബറില്‍ നടത്തിയ അവലോകന യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ നിര്‍മിക്കുന്ന കുളങ്ങളുടെ ചുറ്റും സംരക്ഷണഭിത്തി നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ യാഥാര്ഥ്യമാക്കുന്നതിനോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേന്ദ്ര ഭൂജലബോര്ഡിലെ തിരുവനന്തപുരം കാര്യാലയത്തിലെ ശാസ്ത്രജ്ഞന് വി.കെ. വിജേഷ് സംഘത്തില്‍ ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറുമായും സംഘം ചര്‍ച്ച നടത്തി.
ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ആയി 450 സുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ സംരക്ഷണത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് യോഗത്തില്‍ അറിയിച്ചു.
ജില്ലാ നോഡല്‍ ഓഫീസര്‍ ഭൂജല വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അരുണ്‍ദാസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജില്ലാ എന്‍ജിനിയര്‍ സദ അബ്ദുള്‍ റഹ്മാന്, സിആര്‍ഡി പ്രതിനിധി ഡോ. വി. ശശികുമാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ദാരിദ്ര്യലഘൂകരണ വിഭാഗം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ടി.ടി. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.