ദേശീയപാതയിലെ അടിപ്പാതകളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ നിർമാണം തുടങ്ങി
1597576
Tuesday, October 7, 2025 1:20 AM IST
കാസർഗോഡ്: പണി പൂർത്തിയാകുന്നതിനുമുമ്പേ അപകടക്കെണികളായി മാറിയ ദേശീയപാതയുടെ അടിപ്പാതകളിൽ സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. സർവീസ് റോഡുകൾ അടിപ്പാതകളോടു ചേരുന്ന ഭാഗങ്ങളിൽ ഹമ്പുകളുടെ നിർമാണവും അടിപ്പാതകളിൽ മറുവശത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണുന്നതിനായി കണ്ണാടികൾ സ്ഥാപിക്കുന്നതിനുള്ള നടപടിയുമാണ് തുടങ്ങിയത്.
കഴിഞ്ഞമാസം 26നു ചെങ്കള നാലാംമൈലിലെ അടിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറിൽ ടിപ്പർലോറി ഇടിച്ച് ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കെ.കെ. സജീഷ് മരിച്ചിരുന്നു. ഈ സ്ഥലത്തും കളക്ടറേറ്റ് ജംഗ്ഷനിലും വിദ്യാനഗറിലുമുള്ള അടിപ്പാതകളോടു ചേർന്നാണ് ഹമ്പുകൾ നിർമിച്ചത്. അപകടം നടന്ന നാലാംമൈലിലെ അടിപ്പാതയ്ക്ക് സമീപം സുരക്ഷാ ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്.
മറ്റിടങ്ങളിലും ഹമ്പുകളുടെ നിർമാണം വൈകാതെ തുടങ്ങാനാണ് ധാരണ. ഹമ്പുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി സീബ്രാലൈനുകളും വരയ്ക്കും. തിരക്കേറിയ സ്ഥലങ്ങളിൽ വാഹനഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
തലപ്പാടി മുതൽ ചെങ്കള വരെ നിർമാണം പൂർത്തിയായ ദേശീയപാതയുടെ ആദ്യറീച്ചിൽ ആകെ 23 അടിപ്പാതകളാണുള്ളത്. ഇതിൽ 11 ഇടങ്ങളിലാണ് മറുവശത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണുന്നതിനായുള്ള കണ്ണാടികൾ സ്ഥാപിച്ചത്.
അടിപ്പാതകളിൽ നിന്ന് വാഹനങ്ങൾ സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്നത് സർവീസ് റോഡിലുള്ള മറ്റു വാഹനങ്ങളിലുള്ളവർക്കും തിരിച്ചും നേരത്തേ കാണാനാകാത്തതാണ് അപകടങ്ങൾക്ക് വഴിയൊരുക്കിയത്. സർവീസ് റോഡുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 40 കിലോമീറ്ററാണെങ്കിലും മിക്കപ്പോഴും വാഹനങ്ങൾ ഈ വേഗപരിധി കടക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു.
അടിപ്പാതകളിൽ നിന്നുള്ള വാഹനങ്ങൾ സർവീസ് റോഡുകളിലേക്ക് പ്രവേശിച്ച ശേഷം മാത്രമാണ് മിക്കപ്പോഴും എതിരേവരുന്ന വാഹനങ്ങളെ കാണുന്നത്. അപ്പോൾ പെട്ടെന്ന് വേഗത നിയന്ത്രിക്കാൻ കഴിയാതെ വരുന്നതാണ് പ്രശ്നം. അടിപ്പാതയുള്ള സ്ഥലങ്ങളിൽ സർവീസ് റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ കൂടി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.