സംസ്ഥാനതല വയോസേവന പുരസ്കാരം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി
1597155
Sunday, October 5, 2025 7:38 AM IST
കാസർഗോഡ്: വയോജന ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സമഗ്രമായ ഇടപെടലുകൾക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്കാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി. തൃശൂരില്‍ നടന്ന സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാന സെമിനാറില്‍ മന്ത്രി ആര്. ബിന്ദുവിൽ നിന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം. മനു, അംഗം ഷിനോജ് ചാക്കോ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി. രാജ് എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
പൊതുസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വയോജനസൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള പ്രവര്‍ത്തനമികവിനാണ് പുരസ്കാരം. വയോജനക്ഷേമത്തിനു മാത്രമായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജില്ലാ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് പ്രവര്ത്തനക്ഷമമാക്കിയതുൾപ്പെടെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയത് വയോജനങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ക്കും ദഹന സൗകര്യത്തിനും അനുയോജ്യമായ ജെറിയാട്രിക് ഫുഡ് മേക്കിംഗ് പദ്ധതിയും ശ്രദ്ധേയമായി.