വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
1596404
Friday, October 3, 2025 2:09 AM IST
ഒടയംചാല്‍: വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടോം-ബേളൂര്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയംചാലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും ഏറ്റെടുക്കുകയാണ്.
അതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ ഈ പ്രദേശത്തുതന്നെ കാണാനാകും. 2019 ലാണ് ഇവിടെ ഇത്തരമൊരു പദ്ധതിക്ക് തറക്കല്ലിട്ടത്. ഇടയ്ക്ക് കോവിഡ് അടക്കമുള്ള പ്രതിസന്ധികളുണ്ടായി ഇപ്പോള്‍ അതിനെയെല്ലാം അതിജീവിച്ച് ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് സ്റ്റാൻഡിന്റെ ഒന്നാംഘട്ട പണി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഉപകരിക്കുന്നതാകും ഈ പദ്ധതി.
കോടോത്ത് ഗവ. ഐടിഐക്കായി ആറുകോടി രൂപയുടെ കെട്ടിടം നിര്‍മിക്കുന്നതും ഒടയംചാല്‍-പരപ്പ-വെള്ളരിക്കുണ്ട് റോഡ് 23 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചതും ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ ചെലവില്‍ ഉദയപുരം-തൂങ്ങല്‍ റോഡ് നിര്‍മിക്കുകയാണ്. തട്ടുമ്മല്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്.
ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കെല്ലാം വീട് ലഭിച്ച പഞ്ചായത്താണ് കോടോം ബേളൂര്‍ പഞ്ചായത്ത്. അതോടൊപ്പംതന്നെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഈ പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വികസന-ക്ഷേമ പദ്ധതികള്‍ തുടരാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, അസി. ഡയറക്ടര്‍ ടി.ടി. സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രജനി കൃഷ്ണന്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ഷൈലജ, പി. ഗോപാലകൃഷ്ണന്, എന്‍.എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ശ്രീലത, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ യു. ഉണ്ണികൃഷ്ണന്, ലേബര്‍ ഫെഡ് ചെയര്മാന് എ.സി. മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ യു. തമ്പാന് നായര്‍, സൗമ്യ വേണുഗോപാല്‍, സി. കുഞ്ഞിക്കണ്ണന്, വി.കെ. തങ്കമ്മ, മീനാക്ഷി പദ്മനാഭന്, മുന്‍ എംഎല്‍എ എം. കുമാരന്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒക്ലാവ് കൃഷ്ണന്, എം. കുമാരന്, മുസ്തഫ തായന്നൂര്‍, സാജു ജോസ്, സുബൈര്‍ പടുപ്പ്, പി.പി. രാജു, വി.വി. കൃഷ്ണന്, സി.കെ. നാസര്‍, സണ്ണി അരമന, പി.ടി. നന്ദകുമാര്‍, വി.കെ. രമേശന്, എച്ച്. ലക്ഷ്മണഭട്ട്, വ്യാപാര-വ്യവസായ പ്രതിനിധികളായ ലിജോ പി. ജോര്‍ജ്, നന്ദുകുമാര്‍, സിനു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ്.ജി. വിപിന്‍ നന്ദിയും പറഞ്ഞു.