വീണ്ടും വിളക്കുകാലുകൾ ഉയരുന്നു; ഇത്തവണ വൈദ്യുത വിളക്കുകൾ
1596130
Wednesday, October 1, 2025 2:04 AM IST
കാഞ്ഞങ്ങാട്: പാളിപ്പോയ സൗരോർജ വിളക്ക് പരീക്ഷണത്തിനുശേഷം കാഞ്ഞങ്ങാട് നഗരപാതയിലെ ഡിവൈഡറുകളിൽ പുതിയ വിളക്കുകാലുകൾ ഉയരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡിടിപിസി) കീഴിൽ നടപ്പാക്കുന്ന നഗരസൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. സൗരോർജ വിളക്കുകൾക്ക് പകരം വൈദ്യുത വിളക്കുകളാണ് ഇത്തവണ സ്ഥാപിക്കുന്നത്.
ഒന്നരവർഷം മുമ്പാണ് കാഞ്ഞങ്ങാട് നഗര സൗന്ദര്യവത്കരണത്തിനും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുമായി ഡിടിപിസി പദ്ധതി തയാറാക്കി ടെൻഡർ വിളിച്ച് കരാർ നൽകിയത്. അകാലത്തിൽ കണ്ണടച്ച സൗരോർജവിളക്കുകളുടെ പേരിൽ പൊതുമരാമത്ത് വകുപ്പും നഗരസഭയും പരസ്പരം പഴിചാരുന്നതിനിടെ ജില്ലാ ഭരണകൂടം ഇടപെട്ടാണ് പദ്ധതി ഡിടിപിസിയെ ഏൽപ്പിച്ചത്.
കരാർ ഏറ്റെടുത്തവർ നഗരമധ്യത്തിലെ ഡിവൈഡറുകളിൽ നിന്ന് തുരുമ്പിച്ച വിളക്കുകാലുകളും സൗരോർജ പാനലുകളും അനുബന്ധ ഉപകരണങ്ങളും നീക്കിയെങ്കിലും പുതിയവ സ്ഥാപിക്കുന്നത് നീണ്ടുപോയി. ഇതോടെ ഡിടിപിസി അധികൃതർ കരാറുകാരനെ നീക്കാൻ തീരുമാനമെടുത്തെങ്കിലും കരാറുകാരൻ കോടതിയെ സമീപിച്ച് വീണ്ടും അനുമതി നേടിയെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ വീണ്ടും പണി തുടങ്ങിയത്.
ആറുവർഷം മുമ്പ് കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ലക്ഷങ്ങൾ മുടക്കി റോഡിലെ ഡിവൈഡറുകളിൽ സൗരോർജവിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ, പരമാവധി ആറുമാസത്തിനകം സൗരോർജ വിളക്കുകളെല്ലാം കണ്ണടക്കുകയായിരുന്നു. കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിലുടനീളം സ്ഥാപിച്ച സൗരോർജ വിളക്കുകൾക്കും ഇതുതന്നെയായിരുന്നു ഗതി.
വിളക്കുകളോരോന്നായി തകരാറിലാകുമ്പോഴേക്കും ഇവയുടെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ച് കെഎസ്ടിപി അധികൃതർ തടിതപ്പിയിരുന്നു. എട്ടുലക്ഷത്തോളം രൂപ ചെലവിൽ നഗരമധ്യത്തിലെ ഡിവൈഡറുകളിൽ നിർമിച്ച പുൽത്തകിടിയും പൂച്ചെടികളും ചുരുങ്ങിയ നാളുകൾക്കുള്ളിൽ പരിചരണമില്ലാതെ കരിഞ്ഞുണങ്ങി. ഇവയുടെ പരിപാലന ചുമതല നഗരസഭയ്ക്കായിരുന്നു.
സൗരോർജ വിളക്കുകൾക്കായി നേരത്തേ വിളക്കുകാലുകൾ സ്ഥാപിച്ചിരുന്ന അതേ അടിത്തറകളിൽ തന്നെയാണ് പുതിയ വിളക്കുകാലുകളും സ്ഥാപിക്കുന്നത്. സൗരോർജ വിളക്കുകൾ പ്രകാശിക്കാതായതോടെ രാത്രിയിൽ കടകളിലെ വെളിച്ചമണഞ്ഞാൽ നഗരം ഇരുട്ടിലാകുന്ന സ്ഥിതിയായിരുന്നു. ഇപ്പോൾ സ്ഥാപിക്കുന്ന വിളക്കുകളെങ്കിലും മുടക്കുന്ന പണത്തിനൊത്ത കാലം പ്രകാശിച്ചാൽ മതിയായിരുന്നുവെന്ന പ്രാർഥനയാണ് നാട്ടുകാർക്കുള്ളത്.