നടപ്പാതയ്ക്ക് നടുവിൽ വൈദ്യുത തൂണുകൾ
1595448
Sunday, September 28, 2025 7:34 AM IST
കാസർഗോഡ്: പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിൽ വൈദ്യുത തൂണുകളിലേറെയും സ്ഥാപിച്ചിട്ടുള്ളത് നടപ്പാതകളുടെ നടുവിൽ.
സ്ഥലലഭ്യതയുടെ കുറവു മൂലം സർവീസ് റോഡുകൾ തന്നെ വീതികുറച്ച് നിർമിച്ച സാഹചര്യത്തിൽ വൈദ്യുത തൂണുകൾ സ്ഥാപിക്കാൻ വേറെ ഇടമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ നടപ്പാതയെ ഏതാണ്ട് മുഴുവനായും വിഴുങ്ങിയിട്ടുണ്ട്.
വൈദ്യുത തൂണുകളും ട്രാൻസ്ഫോർമറുകളും നടപ്പാതകളുടെ ഒരു വശത്തേക്കെങ്കിലും മാറ്റാമായിരുന്നുവെന്ന് പലയിടങ്ങളിലും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഒത്ത നടുവിലാണ് മിക്കതും സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ കാൽനടയാത്രക്കാർക്ക് തൂണുകളിലും അനുബന്ധസാമഗ്രികളിലും തട്ടാതെ കടന്നുപോകാൻ കഴിയില്ലെന്ന നിലയാണ്.
ട്രാൻസ്ഫോർമറുകൾ ഉള്ള ഇടങ്ങളിൽ സർവീസ് റോഡിലേക്കിറങ്ങുകയേ നിർവാഹമുള്ളൂ. മിക്കയിടങ്ങളിലും ഇടുങ്ങിയ സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കിനുള്ള സാധ്യത നിലനിൽക്കുമ്പോൾ കാൽനടയാത്രക്കാർ കൂടിയായാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.