കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്ര: പനത്തടിയിൽ സംഘാടക സമിതിയായി
1595452
Sunday, September 28, 2025 7:34 AM IST
പനത്തടി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഒക്ടോബർ 13ന് പനത്തടി ഫൊറോനയിൽ നിന്ന് തുടക്കം. ഉച്ചകഴിഞ്ഞ് 3.30ന് പാണത്തൂരിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ ഒമ്പതിന് ചിറ്റാരിക്കാൽ (തോമാപുരം), 11ന് തേർത്തല്ലി (മേരിഗിരി), ഉച്ചയ്ക്ക് ഒന്നിന് ചെമ്പേരി, മൂന്നിന് ഉളിക്കൽ, 4.30 ന് പേരാവൂർ എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക, റബറും നെല്ലും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസമേഖലയിലെ അവഗണന അവസാനിപ്പിക്കുക, കാസർഗോഡ് മുതൽ വയനാട് വരെയുള്ള 400 കെവി ലൈൻ കടന്നുപോകുന്ന ഇടങ്ങളിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
പനത്തടിയിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. കൃഷിക്കാരുടെ കാര്യങ്ങൾ വരുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർഥതയോടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ചൂണ്ടിക്കാട്ടി. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവ്വത്തോലിൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. നോബിൾ പന്തലാടിക്കൽ, ഫാ. വക്കച്ചൻ പഴയപറമ്പിൽ, പീയൂസ് പറയിടം, ജോണി തോലമ്പുഴ, ജയിംസ് ഇമ്മാനുവേൽ, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, റോയ് ആശാരിക്കുന്നേൽ, ജോസ് തൈപ്പറമ്പിൽ, ജോസ് നാഗരോലിൽ, സ്റ്റീഫൻ മലമ്പേപതി, ജോയ്മോൻ കീച്ചേരി, ജോസ് അരകപറമ്പിൽ, ജോൺസൻ ഉള്ളട്ടിൽ, ജോസ്കുട്ടി കൊട്ടോടി, റോണി പുഴലിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പതിനായിരത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.