കുമ്പള സിഎച്ച്സിക്ക് പുതിയ കെട്ടിടം പണിയാൻ 4.36 കോടി
1596409
Friday, October 3, 2025 2:09 AM IST
കുമ്പള: അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന കുമ്പള സിഎച്ച്സിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 4.36 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി എ.കെ.എം. അഷ്റഫ് എംഎൽഎ അറിയിച്ചു. ആദ്യഗഡുവായി 1.09 കോടി രൂപ അനുവദിച്ചുകിട്ടിയതായും ഇതിന്റെ ടെൻഡർ നടപടികൾ താമസിയാതെ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിദിനം നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ചോർന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടം കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒഴിവാക്കിയിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഒപി വിഭാഗവും ഫാർമസിയും മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റി. ഇതോടെ സ്ഥലപരിമിതി മൂലം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്തംഭിക്കുന്ന അവസ്ഥയായിരുന്നു.
65 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ദീർഘനാളായി ഉയരുന്നതാണ്. ഇതിനായി ആശുപത്രിക്കു മുന്നിൽ നിരവധി സമര പരിപാടികളും നടന്നിരുന്നു.