ഒടിഞ്ഞ കൈക്ക് പ്ലാസ്റ്ററിടാന്‍ തടസമായി സ്റ്റീല്‍ വള; രക്ഷകരായി അഗ്നിരക്ഷാസേന
1595852
Tuesday, September 30, 2025 1:24 AM IST
കാസര്‍ഗോഡ്: വാഹനാപകടത്തില്‍ ഒടിഞ്ഞ കൈക്ക് പ്ലാസ്റ്ററിടാന്‍ കൈയിലെ സ്റ്റീല്‍ വള തടസമായപ്പോള്‍ രക്ഷകരായി അഗ്നിരക്ഷാസേന. ഇന്നലെ രാവിലെ 10ഓടെ ദേശീയപാതയില്‍ മൊഗ്രാലില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഗണേഷ് (38) റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വലതുകൈക്ക് പരിക്കുപറ്റിയതിനാല്‍ കസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൈക്ക് പ്ലാസ്റ്റര്‍ ഇടാന്‍ വേണ്ടി നോക്കിയപ്പോള്‍ ഒടിഞ്ഞ കയ്യില്‍ കട്ടിയുള്ള സ്റ്റീല്‍ വള ഉള്ളതിനാല്‍ വള മുറിച്ചുമാറ്റാതെ പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍വാഹം ഇല്ല എന്നും ഡോക്ടര്‍ പറഞ്ഞു.
ഉടനെ തന്നെ വളമുറിക്കുന്നതിനായി ഒടിഞ്ഞ കൈയുമായി ഗണേഷ് കാസര്‍ഗോഡ് അഗ്നി രക്ഷാസേനയെ സമീപിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍മാരായ എം.രമേശ, എം.എ. വൈശാഖ്, കെ.വി.ജിതിന് കൃഷ്ണന്, വി.ജി.വിജിത് നാഥ് എന്നിവര്‍ ചേര്‍ന്ന് കട്ടിയുള്ള സ്റ്റീല്‍ വള ഷിയേഴ്സ് ഉപയോഗിച്ച് കട്ട് ചെയ്യിത് നീക്കുകയായിരുന്നു. ഉടനെ തന്നെ വീണ്ടു ആശുപത്രിയില്‍ എത്തി കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ട് വീട്ടിലേക്ക് മടങ്ങി.