സിബിഎസ്ഇ ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
1595154
Saturday, September 27, 2025 6:34 AM IST
കണ്ണൂർ: സിബിഎസ്ഇ കണ്ണൂർ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം സാഹിത്യകാരൻ ടി. പദ്മനാഭൻ നിർവഹിച്ചു. കലയും സാഹിത്യവും വിദ്യാർഥികളുടെ മാനസിക വളർച്ചയ്ക്ക് അനിവാര്യമാണെന്നും കലോത്സവങ്ങൾ അവരിൽ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒമ്പത് മുതൽ 11 വരെ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിവിധ ജില്ലകളിലെ നൂറോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ ആശയങ്ങൾ സംയോജിപ്പിച്ചാണ് കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്തിതിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള നാലായിരത്തോളം പ്രതിഭകൾ 137 ഇനങ്ങളിലായി 16 വേദികളിൽ മാറ്റുരയ്ക്കും.
കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് കെ.പി. സുബൈർ, കലോത്സവം ജനറൽ കൺവീനർ ബ്രദർ ഡോ. റെജി സ്കറിയ, കണ്ണൂർ സഹോദയ സെക്രട്ടറി ടി.പി. സുരേഷ് പൊതുവാൾ, ജില്ലാ കലോത്സവം ജോയിന്റ് കൺവീനർ പി.പി. പ്രദ്യുമ്നൻ എന്നിവർ പങ്കെടുത്തു. ഇന്ന് കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ 1700 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.