കാസർഗോഡ് മിൽമയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം
1595444
Sunday, September 28, 2025 7:34 AM IST
കാഞ്ഞങ്ങാട്: മികച്ച നിലയിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് കാസർഗോഡ് മിൽമയ്ക്ക്. ഡെയറി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് കാസർഗോഡ് മിൽമ നേടിയെടുത്തത്. ആറാം തവണയാണ് കാസർഗോഡ് ഡെയറിക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കൺവൻഷൻ സെന്ററിൽ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവിൽ റോജി എം. ജോൺ എംഎൽഎയിൽ നിന്ന് മിൽമ കാസർഗോഡ് ഡെയറി മാനേജർ സ്വീറ്റി വർഗീസും സഹപ്രവർത്തകരും പുരസ്കാരം ഏറ്റുവാങ്ങി.
ജല-വായു മലിനീകരണ നിയന്ത്രണം, ഊർജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, സാമൂഹിക ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളാണ് അവാർഡ് നിർണയത്തിനായി പരിഗണിച്ചത്.