കരുണാർദ്ര സ്നേഹത്തിന്റെ 25 വർഷങ്ങൾ പൂർത്തീകരിച്ച് ലിസ്യൂ ഭവൻ
1595447
Sunday, September 28, 2025 7:34 AM IST
കണ്ണിവയൽ: പാവപ്പെട്ടവർക്കും രോഗികൾക്കും തിരുസന്നിധിയിൽ നിന്നുള്ള കരുണാർദ്ര സ്നേഹം പകർന്നുകൊടുക്കുകയെന്ന ആപ്തവാക്യം പ്രാവർത്തികമാക്കിയ 25 വർഷങ്ങൾ പൂർത്തീകരിച്ച് കണ്ണിവയൽ ലിസ്യൂ ഭവൻ ഓൾഡേജ് ഹോം.
കണ്ണിവയൽ സ്വദേശിയായ ക്യാപ്റ്റൻ തോമസ് വാഴപ്പിള്ളി ദാനമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് 2000 ഡിസംബർ 30 നാണ് ചെറുപുഷ്പം സന്യാസിനിസമൂഹത്തിന്റെ കീഴിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. അനാഥരോ വിധവകളോ ആയ 60 വയസിനു മേൽ പ്രായമുള്ള അശരണരായ സ്ത്രീകൾക്കാണ് ഇവിടെ സംരക്ഷണമൊരുക്കുന്നത്.
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ 92 പേർക്കാണ് ജീവിതസായാഹ്നത്തിൽ ഇവിടം അത്താണിയായത്. ഇപ്പോൾ വിവിധ മതവിശ്വാസികളായ 22 പേരാണ് ഇവിടെ കഴിയുന്നത്. ലിറ്റിൽ ഫ്ളവർ സന്യാസിനിസമൂഹത്തിലെ നാല് സിസ്റ്റർമാരാണ് ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. സിസ്റ്റർ ജ്യോതി മാത്യു എംഎൽഎഫ് ആണ് ഡയറക്ടർ. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചറിഞ്ഞവർക്ക് ആത്മബലം നൽകി കരുണയും കരുതലും പകർന്ന് പ്രത്യാശയുടെ തീരത്തടുപ്പിക്കാനും വിങ്ങുന്ന മനസുകൾക്ക് ആശ്വാസമേകാനും ഇവർക്ക് കഴിയുന്നു.
ഇവരും സ്ഥാപനത്തിലെ അന്തേവാസികളും പരസ്പരം സഹായിച്ചും സാന്ത്വനമേകിയും ഒരു കുടുംബം പോലെ കഴിയുന്നു. അശരണരായ അന്തേവാസികൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കിനൽകാൻ സുമനസുകളായ വ്യക്തികളുടെയും സംഘടനയുടെയും അകമഴിഞ്ഞ പിന്തുണയുമുണ്ട്.
രജതജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഒക്ടോബർ 20 ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും.
സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ അധ്യക്ഷത വഹിക്കും. തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം, കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി തുടങ്ങിയവർ സംബന്ധിക്കും.