കാസർഗോഡ് ആസ്റ്റർ മിംസ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം രണ്ടിന്
1595451
Sunday, September 28, 2025 7:34 AM IST
കാസർഗോഡ്: രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനു കീഴിലുള്ള കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് പ്രവർത്തനമാരംഭിക്കുന്നു. ആസ്റ്റർ മിംസ് കാസർഗോഡ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും ചടങ്ങിൽ പങ്കെടുക്കും.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ആസ്റ്റർ കേരള ക്ലസ്റ്റർ സിഎംഎസ് ഡോ.കെ.എം. സൂരജ്, ആസ്റ്റർ മിംസ് കാസർഗോഡ് സിഒഒ ഡോ. അനൂപ് നമ്പ്യാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിപാലനം സംസ്ഥാനത്ത് കൂടുതൽ ഇടങ്ങളിലേക്ക് എത്തിക്കുക എന്ന ആസ്റ്ററിന്റെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതായിരിക്കും പുതിയ ആശുപത്രിയെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഭാരവാഹികൾ പറഞ്ഞു. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണവും 264 കിടക്കകളുമുള്ള ഈ ആശുപത്രി വടക്കൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകും. ദേശീയപാതയോരത്ത് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാകാനാകുന്ന സ്ഥലത്താണ് പുതിയ ആശുപത്രി യാഥാർഥ്യമാക്കിയിരിക്കുന്നത്.