വീരമലകുന്നിലും താഴ്വാരത്തും കേന്ദ്ര പരിസ്ഥിതി വകുപ്പ് അഡീഷണൽ ഡയറക്ടർ സന്ദർശനം നടത്തി
1595153
Saturday, September 27, 2025 6:34 AM IST
ചെറുവത്തൂർ: ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത മൂലം മണ്ണിടിച്ചിലും ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങളുമുയർത്തിയ ചെറുവത്തൂർ വീരമലകുന്നിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് അഡീഷണൽ ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സുരേഷ് കുമാർ അഡപ്പ സന്ദർശനം നടത്തി.
ചെറുവത്തൂർ പൊൻമാലം സ്വദേശിയും അഭിഭാഷകനുമായ എം.ടി. സിദ്ധാർത്ഥൻ നൽകിയ ഹർജി പരിഗണിച്ച് കേരള ഹൈക്കോടതി നിർദേശത്തിലാണ് ശാസ്ത്രജ്ഞൻ സ്ഥലത്തെത്തിയത്. ചെറുവത്തൂർ വീരമലയുടെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ റോഡ് നിർമാണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എം.ടി. സിദ്ധാർത്ഥൻ നൽകിയ ഹർജി പരിഗണിച്ചാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്.
ഇതിന്റെ തുടർച്ചയായാണ് കേരള ഹൈക്കോടതി നിർദേശത്തിൽ തൽസ്ഥിതി പഠിച്ച് റിപ്പോർട്ട് നൽകാനാൻ കേന്ദ്ര പരിസ്ഥിതി വകുപ്പ് അഡീഷണൽ ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സുരേഷ് കുമാർ അഡപ്പ ഇന്നലെ ചെറുവത്തൂരിൽ എത്തിയത്. വീരമല കുന്നിൻ താഴ് വാരത്തും കുന്നിൻ മുകളിലും സന്ദർശനം നടത്തിയ അദ്ദേഹം നിർമാണം നടന്നു വരുന്ന ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ വീരമലയുടെ ഭാഗങ്ങൾ നോക്കിക്കണ്ടു.
റിട്ടയിനിംഗ് വാൾ നിർമിച്ച ശേഷം മലയുടെ മുകൾതട്ട് മൂന്നായി തരം തിരിക്കുന്നതാവും സുരക്ഷിതമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുതിയ ടൂറിസം പദ്ധതിക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടിന് കുന്നിടിച്ചിലും മറ്റ് പ്രശ്നങ്ങളും തിരിച്ചടിയാവുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു. നിരവധി കുടിവെള്ള പദ്ധതികളും വീരമല കുന്നിൻ മുകളിലുണ്ട്. കഴിഞ്ഞ നാല് വർഷമായി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വീരമല സംരക്ഷണ സമിതി ഭാരവാഹികളെയും അദ്ദേഹം കണ്ടു.
വീരമല സംരക്ഷണ സമിതി ചെയർമാൻ എം. രാമകൃഷ്ണൻ, കെ.സി. ഗിരീഷ്, മുകേഷ് ബാലകൃഷ്ണൻ, സുനിൽകുമാർ, കെ.എം. അമ്പു, സി. പങ്കജാക്ഷൻ എന്നിവർ വീരമലയിടിച്ചിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിസ്ഥിതി ശാസ്ത്രജ്ഞനായ ഉന്നത ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. എൻഎച്ച്എഐ ഉദ്യോഗസ്ഥരും നിർമാണ കമ്പനി അധികൃതരും സ്ഥലത്തെത്തിയിരുന്നു.