ബസ് സ്റ്റാൻഡ് പോലുമില്ലാതെ തലപ്പാടിയിലെ സംസ്ഥാന അതിർത്തി
1595147
Saturday, September 27, 2025 6:34 AM IST
മഞ്ചേശ്വരം: വടക്കേയറ്റത്ത് കേരളത്തിലേക്കുള്ള പ്രവേശനകവാടമാണ് തലപ്പാടി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം എന്ന് ഇംഗ്ലീഷിലും കേരളത്തിലേക്ക് സ്വാഗതമെന്ന് മലയാളത്തിലും ഹിന്ദിയിലും എഴുതിയ കമാനം ഇവിടെ യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ പ്രതിദിനം നൂറിലേറെ ബസ് സർവീസുകൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഈ ടൗണിൽ ഒരു ബസ് സ്റ്റാൻഡ് പോലുമില്ല. ഇവിടെ പാതയോരത്ത് ബസുകൾ നിർത്തിയിടുന്ന സ്ഥലത്തേക്ക് അമിതവേഗതയിലെത്തിയ ബസ് ആറുപേരുടെ ജീവനെടുത്ത അപകടത്തിനിടയാക്കിയത് കഷ്ടിച്ച് ഒരുമാസം മുമ്പാണ്.
മഞ്ചേശ്വരം പഞ്ചായത്തിലാണ് തലപ്പാടി ടൗൺ ഉൾപ്പെടുന്നത്. എന്നാൽ മഞ്ചേശ്വരം, ഹൊസങ്കടി ടൗണുകളുടെ വികസനത്തിൽ കാണിക്കുന്ന താത്പര്യം പഞ്ചായത്ത് തലപ്പാടിയോട് കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതിർത്തി ടൗണെന്ന നിലയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടും മറ്റും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഇവിടെ കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകേണ്ടതാണ്. പക്ഷേ ആകെ സ്ഥാപിച്ചിട്ടുള്ളത് സ്വാഗതകമാനവും ഒരു വഴിയോര വിശ്രമ കേന്ദ്രവും ചെക്ക് പോസ്റ്റുകളും മാത്രമാണ്.
അന്തർസംസ്ഥാന പെർമിറ്റുകൾ കിട്ടാനുള്ള വിഷമവും നികുതിപ്രശ്നവും മൂലം ഇരുവശങ്ങളിൽ നിന്നുമുള്ള നിരവധി ബസുകൾ തലപ്പാടിയിൽ ഓട്ടം നിർത്തുന്നുണ്ട്. ഇവിടേക്കു മാത്രമായി ഇത്രയധികം ബസ് സർവീസുകളുണ്ടായത് അങ്ങനെയാണ്. ദശാബ്ദങ്ങൾക്കുമുമ്പ് കൊന്നക്കാട് പോലുള്ള മലയോരമേഖലകളിൽ നിന്നുപോലും തലപ്പാടിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ടായിരുന്നു. മംഗളൂരുവിലെ ആശുപത്രികളിലേക്കും മറ്റുമുള്ള യാത്രക്കാർ ഇവിടെയിറങ്ങി കർണാടക ബസിൽ കയറി മംഗളൂരുവിലേക്ക് പോവുകയായിരുന്നു പതിവ്.
ദേശീയപാതയോരത്ത് ബസ് സ്റ്റാൻഡിനായി മൂന്നര പതിറ്റാണ്ട് മുമ്പ് മാറ്റിവച്ച ചെമ്മൺ മൈതാനം മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ ഇവിടെയാണ് നിർത്തിയിടുന്നത്.
ഇവിടെയിറങ്ങി മംഗളൂരുവിലേക്ക് ബസ് പിടിക്കുന്നവരും ഏറെയുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യം പോലും ഇവിടെയില്ല. ഇതിനോടു തൊട്ടുതന്നെ ഒരു ഓട്ടോ സ്റ്റാൻഡും ഉണ്ട്.
തൊട്ടടുത്ത് അതിർത്തിക്കപ്പുറമുള്ള ബാറുകളാണ് ഇവിടെയെത്തുന്ന മറ്റൊരു വിഭാഗം ആളുകളുടെ ആകർഷണം.
സന്ധ്യ കഴിഞ്ഞാൽ തലപ്പാടിയിലെ ബസ് സ്റ്റാൻഡ് മൈതാനത്തും പരിസരപ്രദേശങ്ങളിലും മദ്യപാനികളും മറ്റു ലഹരികൾ ഉപയോഗിക്കുന്നവരും വന്നു നിറയും. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ ഇവിടെ എന്തു സംഭവിച്ചാലും കർണാടക പോലീസ് ഇടപെടാറില്ല. കേരള പോലീസ് പൊതുവേ ഇവിടേക്ക് രാത്രികാലങ്ങളിൽ എത്താറുമില്ല.
അതിർത്തി കടന്നുള്ള മദ്യക്കടത്തും ലഹരിക്കടത്തുമെല്ലാം നടക്കുന്നത് ചെറിയ റോഡുകളിലൂടെയും ഊടുവഴികളിലൂടെയുമായതിനാൽ അവരുടെ ശ്രദ്ധ മിക്കവാറും അങ്ങോട്ടായിരിക്കും. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ മംഗളൂരുവിൽ നിന്നും മറ്റുമെത്തി ഇവിടെ ഒറ്റപ്പെട്ടുപോകുന്ന യാത്രക്കാർ ഭയന്നുനിൽക്കേണ്ട അവസ്ഥയാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള പ്രവേശനകവാടത്തിന് തീർത്തും അനുയോജ്യമായ തരത്തിൽ മികച്ച സൗകര്യങ്ങളുള്ള ഒരു ബസ് സ്റ്റാൻഡും പോലീസ് ഔട്ട്പോസ്റ്റും വിനോദസഞ്ചാരികൾക്കും അന്തർസംസ്ഥാന യാത്രക്കാർക്കുമുള്ള വിശ്രമകേന്ദ്രവും ഇൻഫർമേഷൻ സെന്ററുമുൾപ്പെടെ ഇവിടെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വിവിധയിടങ്ങളിൽ നിന്നായി ഇവിടെയെതുന്ന യാത്രക്കാരുടെയും ആവശ്യം.