‘കവി പോയ വഴിയിലൂടെ’ യാത്രയുമായി മക്കളും നാട്ടുകാരും
1596406
Friday, October 3, 2025 2:09 AM IST
കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമന് നായരുടെ ഓര്‍മയില്‍ അദ്ദേഹം സഞ്ചരിക്കുകയും താമസിക്കുകയും കവിതകള്‍ എഴുതുകയും ചെയ്ത തലങ്ങളിലൂടെ കവിയുടെ കാല്‍പ്പാടുകള്‍ തേടിയുള്ള യാത്രയ്ക്ക് തയാറെടുക്കുന്നു ഒരു ഗ്രാമം. മഹാകവിയുടെ 90 വയസ് പിന്നിട്ട മക്കളും നാട്ടുകാരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും ചേര്‍ന്നാണ് നാളെ കവിയുടെ ജന്മനാടായ വെള്ളിക്കോത്ത് നിന്നും കാല്‍പ്പാടുകള്‍ തേടി യാത്ര പുറപ്പെടുന്നത്.
പിയുടെ കവിയുടെ കാല്‍പ്പാടുകള്‍ തേടി എന്ന ആത്മകഥയില്‍ നിരവധി തവണയാണ് വെള്ളിക്കോത്ത് മഠത്തില്‍ വളപ്പിന്റെ കാര്യം വര്‍ണിക്കുന്നത്. പി ഇവിടെ ജനിച്ചിട്ടില്ലെങ്കിലും കുടുംബത്തോടൊപ്പം ഏറെക്കാലം താമസിച്ച വീടാണ്. ഒടുവില്‍ പുസ്തകരചനയ്ക്ക് പണമില്ലാതെ അനുജന് എഴുതിക്കൊടുത്ത മഠത്തില്‍ വളപ്പ് വീട്ടുമുറ്റത്തുനിന്നുമാണ് സംഘം യാത്ര പുറപ്പെടുക. തുടര്‍ന്ന് കവി നടന്ന വഴികളിലൂടെ കവിത തേടിയും ജീവിതം തേടിയും കവി അലഞ്ഞ പ്രകൃതിയുടെ ആത്മാവിലൂടെ കവിചേര്ത്തുപിടിച്ച സാധാരണക്കാരുടെ നാടുകളിലൂടെ കവിക്ക് കവിത ചുരത്തി കൊടുത്ത വഴികളിലൂടെയാണ് യാത്ര.
വെള്ളിക്കോത്തിന് ശേഷം കവി ഏറെക്കാലം അധ്യാപകനായിരുന്ന കൂടാളി സ്കൂള്‍, കവി പഠിച്ച പട്ടാമ്പി സംസ്കൃത വിദ്യാലയം, പൊന്മള, കൊല്ലങ്കോട്, തിരുവില്ലാമല, ലക്കിടി, തുഞ്ചന്‍പറമ്പ്, തുഞ്ചന്‍ സ്മാരകം, ചെറുശേരി സ്മാരകം ഇതുകൂടാതെ മലപ്പുറം ജില്ലയിലെ കവിയുടെ പത്നി കുഞ്ഞിലക്ഷ്മി അമ്മയുടെ തറവാട് വീടായ വടയക്കളവും സന്ദര്‍ശിക്കും. ഏറ്റവും ഒടുവില്‍ കവിയുടെ അവധൂത കാവ്യജീവിതത്തില്‍ നിന്നും ആശ്വാസം പകര്‍ന്ന ഗുരുവായൂരിന്റെ നടയിലും സംഘം എത്തും. ഈ യാത്രയില്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഉണ്ട്. ആറിന് യാത്ര പൂര്‍ത്തീകരിച്ച് സംഘം തിരിച്ചെത്തും. മകന് രവീന്ദ്രന് നായരാണ് യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്.