കടലോരം ശുചീകരിച്ച് എൻസിസി കേഡറ്റുകൾ
1595446
Sunday, September 28, 2025 7:34 AM IST
നീലേശ്വരം: പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരക്കാപ്പ് കടപ്പുറം മുതൽ തൈക്കടപ്പുറം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ കടലോരത്തു നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. എൻസിസി ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സീനിയർ അണ്ടർ ഓഫീസർ കെ. ദർശന, സാനിയ വിൽസൺ, ശ്രേയ സുരേഷ്, എൻ.കെ. നിദർശ്, കെ. അഖിൽ, അശ്വന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
രണ്ടു മണിക്കൂർ കൊണ്ട് രണ്ട് ക്വിന്റൽ പ്ലാസ്റ്റിക് മാലിന്യമാണ് എൻസിസി കേഡറ്റുകൾ കടൽത്തീരത്തു നിന്ന് ശേഖരിച്ചത്. ഇവയിൽ വിനോദ സഞ്ചാരികൾ കടൽത്തീരത്ത് ഉപേക്ഷിച്ചവയും വിവിധ ഇടങ്ങളിൽ നിന്ന് പുഴകളിലൂടെ ഒഴുകി കടലിലെത്തി തീരത്തടിഞ്ഞവയുമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഉപേക്ഷിച്ച മീൻപിടുത്തവലകളുടെ അവശിഷ്ടങ്ങളുമുണ്ട്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യങ്ങളുടെയും കടലാമകൾ ഉൾപ്പെടെയുള്ള കടലിലെ മറ്റു ജീവജാലങ്ങളുടെയും നിലനില്പിന് ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. കടലിന്റെയും തീരങ്ങളുടെയും ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് പുണ്യസാഗരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.