വില്ലേജ് ടൂറിസം പദ്ധതികൾ വിപുലീകരിക്കും
1595846
Tuesday, September 30, 2025 1:24 AM IST
ചിറ്റാരിക്കാൽ: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ചിറ്റാരിക്കാൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെയും കെഎസ്എസിന്റെയും ആഭിമുഖ്യത്തിൽ വില്ലേജ് ടൂറിസം - സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
മലയോരത്തെ കാർഷിക മേഖല പ്രതിസന്ധികളെ നേരിടുന്ന സാഹചര്യത്തിൽ ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ ഫാം ടൂറിസത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മലയോര മേഖലയിലെ ഹോം സ്റ്റേ, റിസോർട്ട്, അഗ്രി ഫാം ഉടമകൾ, സ്വയംസംരംഭക യൂണിറ്റുകൾ, മൂല്യവർധിത ഉത്പന്ന യൂണിറ്റ് ഉടമകൾ, നഴ്സറി ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ, ടാക്സി ഡ്രൈവർമാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ സെമിനാറിൽ പങ്കെടുത്തു. സിഡിഎ ആൻഡ് കെഎസ്എസ് ടൂറിസം പ്രൊമോഷൻ ക്ലബിന്റെ നേതൃത്വത്തിൽ ഇവരെയും ഇവരുടെ വ്യത്യസ്തങ്ങളായ ആശയങ്ങളെയും ഏകോപിപ്പിച്ച് വില്ലേജ് ടൂറിസം പദ്ധതികൾ വിപുലീകരിക്കാൻ തീരുമാനിച്ചു.
ടൂറിസത്തിന്റെ പ്രാധാന്യവും സാധ്യതകളും എന്ന വിഷയത്തിൽ സിഡിഎ ചെയർമാൻ ടി.എം. ജോസ് തയ്യിൽ ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേഴ്സി മാണി, പഞ്ചായത്തംഗം ഷേർളി ചീങ്കല്ലേൽ, കൃഷി ഓഫീസർ അബിൻ, റെനി ജേക്കബ്, സെബാസ്റ്റ്യൻ കോട്ടയിൽ, തോമസ് കാവുങ്കൽ, സിറിയക് ജോസഫ് കദളിക്കാട്ടിൽ, ആൻസൻ ചക്കാലപറമ്പിൽ, ജോണി പുല്ലഞ്ചേരി, ജോൺസൺ ബിബ്ലിസ്, റോയി പുതുപ്പള്ളി, ട്രീസ മച്ചിയാനിക്കൽ, ജോസ് ചക്കാലപറമ്പിൽ ഓസ്റ്റിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.