പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നത് നിയമവ്യവസ്ഥതയോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ്
1595850
Tuesday, September 30, 2025 1:24 AM IST
കാസര്‍ഗോഡ്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥതയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍. സിപിഎം നേതാവ് പി.ജയരാജന് അഡൈ്വസറി ബോര്‍ഡ് മെംബറായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതി പീതാംബരന്, അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരന്, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവരുടെ പരോള്‍ അപേക്ഷ അഡൈ്വസറി ബോഡില്‍ എത്തിയ ഉടനെ കുടുംബത്തോടും പോലീസിനോടും അഡൈ്വസറി കമ്മിറ്റി റിപ്പാര്‍ട്ട് ചോദിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടാംപ്രതി സജി ജോര്‍ജ്, അശ്വിന് എന്നിവര്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ നാടിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗവും കൊലപാതകികളെ സംരക്ഷിക്കാനുള്ള പ്രത്യേക താല്പര്യവുമാണ് കാണിക്കുന്നത്.
ഗുരുതരമായ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതിന് കൃത്യമായ നിയമവ്യവസ്ഥകളുണ്ട്. അതൊന്നും പാലിക്കാതെ രക്തസാക്ഷി കുടുംബങ്ങളുടെ ശക്തമായ എതിര്‍പ്പും മറികടന്നാണ് സിപിഎമ്മിന്റെ താത്പര്യത്തിനനുസരിച്ച് ഇത്തരം ഹീനമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
ഇതുപോലുള്ള കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് വഴി നാട്ടില്‍ സമാധാന അന്തരീക്ഷത്തിന് പോറല്‍ സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദി പോലീസും ഗവൺമെന്റുമാണെന്നും പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.