ദേശീയപാതയുടെ അടിപ്പാതകളും അപകടക്കെണിയാകുന്നു
1595449
Sunday, September 28, 2025 7:34 AM IST
കാസർഗോഡ്: ദേശീയപാതയുടെ സർവീസ് റോഡുകൾക്കു പിന്നാലെ അടിപ്പാതകളും അപകടക്കെണികളാകുന്നു. അടിപ്പാതകളിൽ നിന്ന് വാഹനങ്ങൾ സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്നത് സർവീസ് റോഡിലുള്ള മറ്റു വാഹനങ്ങളിലുള്ളവർക്കും തിരിച്ചും നേരത്തേ കാണാനാകാത്തതാണ് പ്രശ്നം.
കഴിഞ്ഞദിവസം ചെങ്കള നാലാംമൈലിലെ അടിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കാർ കയറ്റുന്നതിനിടെയാണ് ടിപ്പർലോറി ഇടിച്ച് പോലീസുദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
അടിപ്പാതയുള്ള സ്ഥലങ്ങളിൽ സർവീസ് റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകളും വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥാപിക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം. അടിപ്പാതകളിൽനിന്നുള്ള വാഹനങ്ങൾക്ക് സർവീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയുന്ന തരത്തിലുള്ള കണ്ണാടികൾ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും പണി പൂർത്തിയാകുമ്പോൾ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. പക്ഷേ അതുവരെ അപകടങ്ങളുണ്ടാകുന്നത് തടയാൻ എന്തെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് നാട്ടുകാർ ചോദിക്കുന്നു.
സർവീസ് റോഡുകളിൽ നിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിവേഗ പാതകളിൽ സാധാരണ പാലിക്കേണ്ട ട്രാഫിക് നിയന്ത്രണങ്ങൾ ഇപ്പോൾത്തന്നെ ഏർപ്പെടുത്തിയില്ലെങ്കിൽ പാതയുടെ പണിതീരുന്നതിനുമുമ്പ് അപകടങ്ങൾ തുടർക്കഥയാകുമെന്നാണ് ആശങ്ക.