ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് മോഷ്ടിച്ച പ്രതി പിടിയിൽ
1595443
Sunday, September 28, 2025 7:34 AM IST
കാസർഗോഡ്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് അടക്കമുള്ള ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. കുന്നംകുളം സ്വദേശി സബീഷി(42)നെയാണ് കാസർഗോഡ് റെയിൽവേ പോലീസ് സംഘം പിടികൂടിയത്.
ഈ മാസം 22 ന് വൈകിട്ടാണ് ചന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ തലശേരിയിൽ നിന്ന് കയറിയ മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥി തരുൺ മംഗലാട്ടിന്റെ ലാപ്ടോപ് അടക്കമുള്ള ബാഗ് മോഷണം പോയത്.
ആറരയോടെ ട്രെയിൻ കാസർഗോഡ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് 35,000 രൂപ വിലവരുന്ന ലാപ്ടോപ്, പെൻഡ്രൈവുകൾ, വസ്ത്രങ്ങൾ, കോളജ് ഐഡി കാർഡ് എന്നിവയടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബാഗ് ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. എസ്ഐമാരായ എം.വി. പ്രകാശൻ, സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ മംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.