റാണിപുരം റോഡിൽ വീണ്ടും കാട്ടാനയിറങ്ങി
1595848
Tuesday, September 30, 2025 1:24 AM IST
റാണിപുരം: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പാതയിൽ റാണിപുരത്തിനും പന്തിക്കാലിനുമിടയിലുളള റോഡിൽ വീണ്ടും കാട്ടാനയിറങ്ങി. റോഡിലും ഇരുവശത്തുമുള്ള വനപ്രദേശത്തും ആനയുടെ കാൽപ്പാടുകൾ കാണുന്നുണ്ട്.
റോഡിലെ വളവിനോടു ചേർന്നുള്ള ഭാഗത്താണ് കാൽപ്പാടുകൾ കണ്ടത്. ഇവിടെ സൗരോർജ വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിലും പുലർച്ചെയും ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ വിഷമമാണ്.
ഏതാനും ദിവസങ്ങളാമായി ഈ പ്രദേശത്തോടു ചേർന്നുകിടക്കുന്ന കർണാടക വനമേഖലയിൽ രണ്ടാനകളെ കാണുന്നുണ്ടെന്നും ഇവ തന്നെയാകാം റോഡ് മുറിച്ചുകടന്ന് മറുഭാഗത്തേക്ക് പോയതെന്നും വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ പറഞ്ഞു. ഇതുവഴി സഞ്ചരിക്കുമ്പോൾ യാത്രക്കാരും നാട്ടുകാരും ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.