ഷിറിയ പാലത്തിന്റെ തൂണുകളിൽ വിള്ളൽ; പുതിയ ദേശീയപാതയിലെ പഴക്കമേറിയ പാലം
1595450
Sunday, September 28, 2025 7:34 AM IST
കുമ്പള: ജില്ലയിൽ പുതിയ ദേശീയപാതയിലെ ഏറ്റവും പഴക്കമേറിയ പാലമാണ് കുമ്പളയ്ക്ക് സമീപം ഷിറിയ പുഴയ്ക്ക് കുറുകെയുള്ള പാലം. 70 വർഷമാണ് ഈ പാലത്തിന്റെ പഴക്കം. 68 വർഷത്തോളം പഴക്കമുള്ള നീലേശ്വരം പാലം ഇതിനു തൊട്ടുപിന്നിലാണ്.
62 വർഷം മാത്രം പഴക്കമുണ്ടായിരുന്ന ചെറുവത്തൂർ കാര്യങ്കോട് പാലം കഴിഞ്ഞവർഷം പൊളിച്ചുനീക്കിയതാണ്. ബലക്ഷയത്തിന്റെ കാര്യത്തിൽ ഷിറിയയും നീലേശ്വരവും ഏതാണ്ട് ഒപ്പമാണെങ്കിലും ഇവ പൊളിച്ചുമാറ്റി പുതിയവ പണിയുന്ന കാര്യത്തിൽ ദേശീയപാത അധികൃതർക്കും കരാർ കമ്പനികൾക്കും താത്പര്യക്കുറവാണ്.
ഷിറിയ പാലത്തിന്റെ തൂണുകളിൽ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്ന വിള്ളലുകൾ സിമന്റിട്ട് അടച്ചതാണ്. ഇപ്പോൾ പല ഭാഗങ്ങളിലും വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാരമേറിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ കുലുക്കവും അനുഭവപ്പെടുന്നുണ്ട്.
ആറുവരിപ്പാതയിൽ കാസർഗോഡ് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന മൂന്നുവരിയുടെ ഭാഗത്താണ് വാഹനങ്ങൾക്ക് രണ്ടുവരിയായി മാത്രം കടന്നുപോകാവുന്ന പഴയ പാലം നിലനിർത്തിയിട്ടുള്ളത്. തിരിച്ചുവരുന്ന ഭാഗത്ത് മൂന്നുവരി ഗതാഗതം തന്നെ സാധ്യമാകുന്ന പുതിയ പാലം നിർമിച്ചിട്ടുണ്ട്. ഫലത്തിൽ ആറുവരി ദേശീയപാത ഇവിടെ അഞ്ചുവരിയായി ചുരുങ്ങി. മൊഗ്രാൽ, ഉപ്പള പുഴകൾക്കു കുറുകെയും ഇതേ അവസ്ഥയാണ്.
മൂന്നുവരിപ്പാതയിലൂടെ അമിതവേഗതയിലെത്തുന്ന ചരക്കുലോറികളടക്കമുള്ള ദീർഘദൂര വാഹനങ്ങൾ പാലങ്ങളിലെത്തുമ്പോൾ പെട്ടെന്ന് ദേശീയപാത രണ്ടുവരിയായി ചുരുങ്ങുന്നതുമൂലം അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. മൂന്നുവരിപ്പാതയിൽ ഇടയ്ക്ക് വീതികുറഞ്ഞ പാലങ്ങളുണ്ടെന്ന കാര്യം ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അറിയാനും ബുദ്ധിമുട്ടാണ്. നീലേശ്വരത്തും ഏതാണ്ട് ഇതേ അവസ്ഥയാണ്.
ഇവിടങ്ങളിലെല്ലാം പഴയ പാലങ്ങൾ പൊളിച്ചുമാറ്റി പുതിയവ പണിയണമെന്ന ആവശ്യം ദേശീയപാതയുടെ പ്രവൃത്തികൾ തുടങ്ങിയ കാലത്തുതന്നെ ജനപ്രതിനിധികളുൾപ്പെടെ ഉന്നയിച്ചിരുന്നു. എന്നാൽ മറ്റു പല ആവശ്യങ്ങൾക്കും ശതകോടികൾ ചെലവഴിക്കുന്ന ദേശീയപാത അധികൃതർ ഈയൊരു ആവശ്യത്തോടുമാത്രം മുഖംതിരിക്കുകയായിരുന്നു. തീർത്തും അപകടനിലയിലായപ്പോൾ മാത്രമാണ് കാര്യങ്കോട്ടെ പഴയ പാലം കഴിഞ്ഞവർഷം പൊളിച്ചത്.
നീലേശ്വരവും ഷിറിയയും ഏതാണ്ട് ഇതേ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അപകടങ്ങൾ സംഭവിക്കാൻ കാത്തനിൽക്കാതെ പുതിയ പാലങ്ങൾ പണിയാനുള്ള തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.