നിസ്വാർഥസേവനമനുഷ്ഠിക്കുന്ന ജോയിക്ക് ആദരം
1596410
Friday, October 3, 2025 2:09 AM IST
പാലാവയൽ: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പാലാവയൽ ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ടൗണിന്റെ മനോഹാരിത കാത്തുസൂക്ഷിക്കുന്നതിനായി നിസ്വാർഥസേവനമനുഷ്ഠിക്കുന്ന ജോയി കോഴപ്ലാക്കലിനെ ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കരാറുകാരനായ ജോയി ജോലിത്തിരക്കുകൾക്കിടയിലും മിക്കവാറും ഒരു ദിവസം പോലും മുടങ്ങാതെയാണ് വൈകുന്നേരം ടൗണിലെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങൾ വേർതിരിച്ച് അതത് മാലിന്യസംഭരണികളിൽ നിക്ഷേപിച്ചതിനു ശേഷം മിക്ക ദിവസങ്ങളിലും രാത്രി വൈകിയാണ് ജോയി വീട്ടിലേക്ക് മടങ്ങുന്നത്.
പഞ്ചായത്ത് ശുചിത്വസന്ദേശ ഘോഷയാത്രയോടനുബന്ധിച്ച് ചിറ്റാരിക്കാലിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പഞ്ചായത്തിന്റെ ഉപഹാരം ജോയിക്ക് സമ്മാനിച്ചു.