ബളാലിൽ മാത്രം പരാതികളുടെ എണ്ണം ആയിരം കടന്നു
1596131
Wednesday, October 1, 2025 2:04 AM IST
വെള്ളരിക്കുണ്ട്: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ വനംവകുപ്പ് തുറന്ന ഹെൽപ്പ് ഡസ്കുകളിൽ ആകെ ലഭിച്ചത് 2333 പരാതികൾ. ഇതിൽ ബളാൽ പഞ്ചായത്തിൽ മാത്രം ലഭിച്ചത് 1103 പരാതികളാണ്. പനത്തടി (527), ദേലംപാടി (323), ഈസ്റ്റ് എളേരി (179), മുളിയാർ (166), കാറഡുക്ക (35) എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിൽ ലഭിച്ച പരാതികളുടെ എണ്ണം.
സെപ്റ്റംബർ 16 മുതൽ ഇന്നലെ വരെയാണ് ജില്ലയിൽ ഏറ്റവുമധികം വന്യജീവി ആക്രമണങ്ങൾ നേരിടുന്നതായി വനംവകുപ്പ് വിലയിരുത്തിയ ആറു പഞ്ചായത്തുകളിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി ഹെൽപ്പ് ഡസ്കുകൾ പ്രവർത്തിച്ചത്. ഇവയിൽ പഞ്ചായത്ത് തലത്തിൽ തന്നെ പരിഹരിക്കാൻ കഴിയുന്ന 161 പരാതികൾ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ജനജാഗ്രതാ സമിതി യോഗങ്ങളിൽ പരിഗണിച്ച് പരിഹാരനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലാതലത്തിൽ പരിഹരിക്കാവുന്ന പരാതികൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ജില്ലയിലെ എംഎൽഎമാരും വനംവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ചേർന്ന് അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ പരിഗണിക്കും. ജില്ലയുടെ ചുമതല വഹിക്കുന്നത് വനംമന്ത്രി എ.കെ. ശശീന്ദ്രൻ തന്നെയായതിനാൽ ജില്ലയിൽ നടപടിക്രമങ്ങൾക്ക് കൂടുതൽ വേഗം വയ്ക്കും. ഇതിനുശേഷം സംസ്ഥാന തലത്തിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലോടുകൂടിയും പരിഗണിക്കേണ്ട പരാതികൾ ആ രീതിയിൽ പരിഗണിക്കുന്നതിനായി സംസ്ഥാന സർക്കാരിലേക്ക് സമർപ്പിക്കും.
വനാതിർത്തി പങ്കിടുന്ന മലയോര പഞ്ചായത്തുകളിലോരോന്നിലും ലഭിച്ച പരാതികളുടെ എണ്ണം മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന ഭയാനകമായ വന്യമൃഗശല്യത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ രാജു കട്ടക്കയം പറഞ്ഞു.
ബളാലിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ വന്യജീവി ആക്രമണം മൂലം നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ്, മയിൽ എന്നിവയെല്ലാം ലക്ഷങ്ങളുടെ കൃഷിനാശമാണ് വരുത്തന്നത്. ഹെൽപ്പ് ഡസ്കുകളിൽ ലഭിച്ച പരാതികൾക്ക് അടിയന്തിരമായ പരിഹാര നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റു പഞ്ചായത്തുകളിലും പരാതികൾ
സ്വീകരിക്കണമെന്ന് ആവശ്യം
ഭീമനടി: വന്യമൃഗ ശല്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളിലും വനംവകുപ്പ് ഹെൽപ്പ് ഡസ്കുകൾ തുറന്ന് പരാതികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ പഞ്ചായത്തുകളിലെല്ലാം കാട്ടുപന്നികളും മയിലുകളും കുരങ്ങുകളുമെല്ലാം കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീർന്നിട്ടുണ്ട്. ബേഡഡുക്ക പഞ്ചായത്തിൽ പതിവായി കാട്ടാനകളിറങ്ങുന്ന പ്രദേശങ്ങളുമുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.