ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്സ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1596134
Wednesday, October 1, 2025 2:04 AM IST
ഒടയംചാല്‍: കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്സ് നാളെ രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഒടയംചാല്‍ ടൗണിന് സമീപം 2.75 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങി വ്യാപാര സമുച്ചയവും ബസ്സ്റ്റാന്‍ഡും അടക്കം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇരുനില കെട്ടിടത്തില്‍ 43 മുറികളുണ്ട്. 8.5 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഭാവിയില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള പല വികസന പ്രവര്‍ത്തനങ്ങളും നടത്താനുണ്ട്.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, എം.വി. ജഗന്നാഥ്, പി. ഗോപി, ടി.വി. ജയചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടനം പ്രഹസനമെന്ന്;
കോണ്‍ഗ്രസ് ബഹിഷ്കരിക്കും
ഒടയംചാല്‍: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ ഒടയംചാലിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് പണി പൂര്‍ത്തിയാകാത്ത കെട്ടിടം തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തുന്നതെന്ന് കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വരുമെന്നറിഞ്ഞാണ് പൂര്‍ത്തിയാകാത്ത ബസ്സ്റ്റാന്‍ഡ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുക്കുന്നത്.
മലയോരത്തെ പ്രധാന ജംഗ്ഷനായ ഒടയംചാലില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാംവിധം ബസ്സ്റ്റാന്‍ഡ് പോലും ഒരുക്കി നല്കാന് കഴിയാത്തത് കാലാകാലങ്ങളായി സിപിഎം ഭരിക്കുന്ന കോടോം-ബേളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത്. ബസ്സ്റ്റാന്‍ഡിന്റെ പേരില്‍ ഇവിടെ നിന്നും ലഭിച്ച പ്രകൃതിവിഭവങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ജനങ്ങളോട് പറയാന്‍ ഭരണസമിതിക്ക് ബാധ്യതയുണ്ട്. കൂറ്റന്‍ പാറക്കൂട്ടങ്ങളും ടണ്‍ കണക്കിന് മണ്ണുമാണ് ഇവിടെ നിന്ന് നീക്കിയത്. കഴിഞ്ഞ കുറേ കാലങ്ങളായി പ്രതിപക്ഷ വാര്‍ഡുകളെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായിട്ടാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.
ഈ അവഗണനയ്ക്കും തിരിച്ചടി ഉണ്ടാകുമെന്ന് ഭരണസമിതി ഭയക്കുകയാണ്. ബസ്സ്റ്റാന്ഡ്സഥിതി ചെയ്യുന്ന വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായ ജിനി ബിനോയിയോട് പോലും ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും അറിയിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.