ഉൾനാടൻ ജലപാത: കൃത്രിമ കനാലിനായി ഏഴേക്കർ സ്ഥലം കൂടി ഏറ്റെടുക്കാൻ വിജ്ഞാപനം
1595149
Saturday, September 27, 2025 6:34 AM IST
കാസർഗോഡ്: കോവളം-ബേക്കൽ ഉൾനാടൻ ജലപാതയുടെ ഭാഗമായി അരയിപ്പുഴയെ ചിത്താരിപ്പുഴയുമായി ബന്ധിപ്പിക്കുന്ന കൃത്രിമ കനാൽ നിർമിക്കുന്നതിനായി ഏഴേക്കർ സ്ഥലം കൂടി ഏറ്റെടുക്കാൻ വിജ്ഞാപനം പുറത്തിറങ്ങി. നേരത്തേ ഏറ്റെടുക്കാൻ തീരുമാനിച്ച 109 ഏക്കർ സ്ഥലത്തിന് പുറമേയാണ് ഇത്. ഇതോടെ ആകെ 116 ഏക്കർ സ്ഥലമാണ് കനാലിനായി ഏറ്റെടുക്കുക.
സ്ഥലം ഏറ്റെടുക്കുന്നതിനും കനാൽ നിർമിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കുമായി 179.5 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളത്. പുതിയ വിജ്ഞാപനം കൂടി പുറത്തിറങ്ങിയതോടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനാവും.
എന്നാൽ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ പ്രാദേശികമായ എതിർപ്പുകളുണ്ടായാൽ ഇത് മാറ്റിവെക്കപ്പെടാനും ഇടയുണ്ട്. കാഞ്ഞങ്ങാട്, ഹൊസ്ദുർഗ്, ബല്ല, അജാനൂർ വില്ലേജുകളിലായാണ് കൃത്രിമ കനാൽ നിർമിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നത്. കൂളിയങ്കാലിനു സമീപം അരയിപ്പുഴയിൽ നിന്നാരംഭിക്കുന്ന കൃത്രിമ കനാൽ ദേശീയപാത മുറിച്ചുകടന്ന് കാരാട്ടുവയൽ, നെല്ലിക്കാട്ട്, അതിയാമ്പൂർ, വെള്ളിക്കോത്ത്, മടിയൻ ഭാഗങ്ങളിലെ വയലുകളിലൂടെയാണ് ചിത്താരിപ്പുഴയിലെത്തുക.
കിഴക്കുംകര വെള്ളായിപ്പാലത്തിനു സമീപത്തുവച്ച് സംസ്ഥാനപാതയുടെ ഭാഗമായ കാഞ്ഞങ്ങാട്-മാവുങ്കാൽ റോഡും മുറിച്ചുകടക്കേണ്ടിവരും. വീടുകളും പറമ്പുകളും പരമാവധി ഒഴിവാക്കി വയലുകളിലൂടെ കടന്നുപോകുന്ന വിധത്തിലാണ് കനാലിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. അതത് വയലുകളിൽ ജലസേചനത്തിനും വിനോദസഞ്ചാരവികസനത്തിനും കനാൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.