ഡിടിപിസി ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയില്‍
1597268
Monday, October 6, 2025 1:22 AM IST
കാസര്‍ഗോഡ്: ജില്ലയുടെ വിനോസഞ്ചാരവികസനത്തിന് പദ്ധതി തയാറാക്കി നടപ്പിലാക്കേണ്ടതും ടൂറിസ്റ്റുകളും സംരഭകരും വന്നു പോകുന്നതുമായ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയില്‍. വിദ്യാനഗറില്‍ ദേശീയപാതയില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തിലാണ് കെട്ടിടമുള്ളത്. ഓഫീസിലേക്ക് പോകാന്‍ ശരിയായ പടികളില്ല.
ഉളിയത്തടുക്ക ഭാഗത്തേക്കു പോകുന്ന റോഡിനെ അരികിലുള്ള മതില് ചെരിഞ്ഞുവീഴുന്ന നിലയിലാണ്. ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഓഫിസിന്റെ മുന്‍ഭാഗത്ത് മതിലുമില്ല. കെട്ടിടത്തിനകത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴയത്ത് ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങി ഫയലുകള്‍ നശിക്കുകയാണ്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അടിതെറ്റി വീഴും. ഒലിച്ചിറങ്ങി തറയില്‍ വ്യാപിക്കുന്ന വെള്ളം ഇടയ്ക്കിടെ തുടച്ചുമാറ്റുന്നതും പതിവായി.
കാസര്‍ഗോഡ് ഗവ. കോളജ് കോംപൗണ്ടില്‍ 22 വര്‍ഷം മുന്‍പ് ഏഴുലക്ഷം രൂപ ചെലവില്‍ പണിതതാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കെട്ടിടം. അഞ്ചു സെന്റ് സ്ഥലമാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനുള്ളത്. അരികിലുള്ള വന്‍ വൃക്ഷങ്ങളുടെ തലപ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ചാഞ്ഞുകിടക്കുന്നു.
ശോചനീയാവസഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയ ഇരുനിലകെട്ടിടം പണിയാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് മുഖേന തയാറാക്കി ടൂറിസം വകുപ്പിനു നല്‍കിയിട്ട് രണ്ടു മാസം കഴിഞ്ഞു. കെട്ടിടവും അനുബന്ധ ജോലികളും ഉള്‍പ്പെടെ 70 ലക്ഷത്തോളം രൂപ ചെലവുള്ളതാണ് പദ്ധതി.
ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസത്തിന്റെ മുഖമുദ്രയാകേണ്ട ഡിടിപിസി ഓഫീസ് കെട്ടിടം പുതുക്കിപണിയണമെന്ന ആവശ്യമാണ് ഉയരുന്നത്.