ബോള്ബാഡ്മിന്റെണില് ചരിത്രനേട്ടവുമായി സോജന് മാഷും കുട്ടികളും
1597580
Tuesday, October 7, 2025 1:20 AM IST
കാഞ്ഞങ്ങാട്: കൊട്ടാരക്കരയില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസിലെ സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ ബോള്ബാഡ്മിന്റെണില് സുവര്‍ണനേട്ടവുമായി കാസര്‍ഗോട്ടെ കുട്ടികള്‍. ആദ്യമായി ഫൈനലില്‍ എത്തിയ കാസര്‍ഗോഡ് തൃശൂരിനെ 36-34, 35-27 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിലെ കായികാധ്യാപകനായ സോജന് ഫിലിപ്പ് പരിശീലകനായ ടീമാണ് ജില്ലയ്ക്ക് ചരിത്രസ്വര്‍ണം നേടിക്കൊടുത്തത്. അദ്ദേഹത്തിന്റെ മകന് ഐബിന്‍ ഫിലിപ്പ് സോജന് ക്യാപ്റ്റന്‍ ആയ ടീമില്‍ വെള്ളിക്കോത്ത് സ്കൂളിലെ കേദാര്‍ എസ്. കുമാര്‍, ഋഷിരാജ്, ടി.വി. ആദിദേവ് എന്നിവരും കാറഡുക്ക ജിവിഎച്ച്എസ്എസിലെ കെ.വിഷ്ണുവും അംഗങ്ങളായിരുന്നു.
ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡ് നാലാംസ്ഥാനം കരസ്ഥമാക്കി. ടീമംഗങ്ങള്‍ക്ക് വെള്ളിക്കോത്ത് സ്കൂള്‍ അധികൃതര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണ പരിപാടിക്ക് മുഖ്യാധ്യാപിക പ്രേമ, പിടിഎ പ്രസിഡന്റ് കെ.വി.വിദ്യാധരന്, വൈസ്പ്രസിഡന്റ് സുജിത് എന്നിവര്‍ നേതൃത്വം നല്കി.