ബിജെപിയില്‍ സുരേന്ദ്രന് പക്ഷത്തെ ഒതുക്കി കൃഷ്ണദാസ് പക്ഷം പിടിമുറുക്കി
1597274
Monday, October 6, 2025 1:22 AM IST
കാസര്‍ഗോഡ്: ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജില്ലാ നേത്യത്വം പാര്‍ട്ടി നിയമാവലി പാലിച്ചില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയരുന്നു. വനിതകള്‍ക്കും എസ്സി, എസ്ടി വി ഭാഗങ്ങള്‍ക്കുമുള്ള സംവരണം പാലിച്ചില്ലെന്നും പല മുതിര്‍ന്ന നേതാക്കളെയും യുവനേതാക്കളെയും ഒഴിവാക്കിയെന്നുമാണ് പരാതി.
ജില്ലാ പ്രഭാരിയാണ് ലിസ്റ്റിലെ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. എന്നാല്‍, പി.കെ. കൃഷ്ണദാസ് പക്ഷം ജില്ലയില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ വെട്ടിയൊതുക്കല്‍ എന്ന ആക്ഷേപം പാര്‍ട്ടിയില്‍ ശക്തമായി. കെ. സുരേന്ദ്രന് പക്ഷത്തെ പല നേതാക്കളെയും ഒഴിവാക്കിയിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പക്ഷത്തുള്ള പലരെയും ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി.
70 അംഗങ്ങളും അഞ്ച് പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടുന്ന പട്ടികയാണ് സംസ്ഥാന പ്രസിഡന്റിന്റെ പരിഗണനയ്ക്ക് ജില്ലാ നേതൃത്വം തയാറാക്കിയത്. ഈ പട്ടിക അംഗീകരിക്കപ്പെട്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതു പരിശോധിക്കാതെയാണ് ലിസ്റ്റ് അംഗീകരിച്ചതെന്നാണ് പരാതി. വനിതകള്‍ക്ക് 30 ശതമാനവും പട്ടികജാതി, വര്‍ഗവിഭാഗം ആറെണ്ണവുമാണ് ജില്ലാ കമ്മിറ്റി അംഗങ്ങളിലെ സംവരണം സംബന്ധിച്ച് പാര്‍ട്ടി നിയമാവലിയില്‍ പറയുന്നത്. എന്നാല്‍, ഭാരവാഹികള്‍ ഉള്‍പ്പെടെ 15 വനിതകളെയും നാല് എസ്സി എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരെയും മാത്രമാണ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള 91 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ തവണ മണ്ഡലം ജനറല്‍ സെക്രട്ടറിമാരോ അതിനു മുകളിലേക്കുള്ള സ്ഥാനങ്ങള്‍ വഹിച്ചവരോ ആയ നേതാക്കള്‍ മുന്‍ ജില്ലാ പ്രസിഡന്റ്, മുന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ വേണമെന്ന നിര്‍ദേശവും പാലിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
മുന്‍ ജില്ലാ പ്രസിഡന്റുമാരായ എം. നാരായണ ഭട്ട്, പി. സുരേഷ്കുമാര്‍ ഷെട്ടി എന്നിവരെ ജില്ലാ നേതൃത്വം സംസ്ഥാന സമിതിയിലേക്ക് നിര്‍ദേശിച്ചില്ല. ശനിയാഴ്ച നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല.
മുന്‍ യുവമോര്‍ച്ച ജില്ലാ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. ബിജെപി മുന്‍ ജില്ലാ ഭാരവാഹികളായിരുന്ന ശോഭ ഏച്ചിക്കാനം, സത്യശങ്കരഭട്ട്, എസ്സി മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് സമ്പത്ത് കുമാര്‍ എന്നിവരെയും ഒഴിവാക്കി. ഇവരൊക്കെ സുരേന്ദ്രന് പക്ഷക്കാരായതുകൊണ്ട് ജില്ലാ പ്രഭാരി വി.കെ. സജീവനും ഇതില്‍ ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്.
ഒബിസി മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി. പ്രേമരാജ് ബിജെപി രക്തസാക്ഷിയായ ഭാസ്കരന്റെ മകനാണ്. പ്രേമരാജിനെ ബിജെപി കൊടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയും ധനഞ്ജയനെ മധൂര്‍ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും ഒതുക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.