ഏറ്റവും കൂടുതല്‍ പാല് ഉത്പാദനം മലബാര്‍ മേഖലയില്‍: മന്ത്രി ചിഞ്ചുറാണി
1596689
Saturday, October 4, 2025 2:06 AM IST
പെര്‍ള: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കപ്പെടുന്നത് മലബാര്‍ മേഖലയില്‍ ആണെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. ഇടിയടുക്ക അന്നപൂര്‍ണ ഓഡിറററിയത്തില് നടന്ന ജില്ലാതല ക്ഷീര കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റവും കൂടുതല്‍ പാല് ഉല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ഉത്പാദനക്ഷമതയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. സങ്കരയിനം പശുക്കളെ കേരളത്തില്‍ വളര്‍ത്തുന്നതുകൊണ്ടാണ് ഉത്പാദനക്ഷമതയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചത്. കൂടുതല്‍ യുവകര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നത്തിനുതകുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ലോണെടുത്ത് അഞ്ച് മുതല്‍ 10 പശുക്കളെ വരെ വാങ്ങുന്ന കര്‍ഷകര്‍ക്ക് ഒരുവര്‍ഷം മൂന്നുലക്ഷം രൂപ വരെ ലഭിക്കാനാവുന്ന വിധത്തില്‍ പലിശ ഇനത്തില്‍ ഇളവ് നല്കുന്ന പുതിയൊരു പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ ജില്ലയിലും രണ്ടും മൂന്നും കിടാരി പാര്‍ക്കുകളും സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. 40 കിടാരികള്‍ ഉള്‍കൊള്ളുന്ന ഇത്തരം പാര്‍ക്കുകളിലൂടെ നമ്മുടെ സംസ്ഥാനത്തു നിന്നു തന്നെ ആവശ്യക്കാരായ കര്‍ഷകര്‍ക്ക് പശുക്കളെ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തുകളിലും 25 ലക്ഷം രൂപ വരെ നല്‍കിക്കൊണ്ട് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയും ക്ഷീര മേഖലയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. ഇത്തരത്തില്‍ 70 ക്ഷീരഗ്രാമം പദ്ധതികളാണ് ആരംഭിക്കുന്നത്.
ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നവര്‍ക്കായി 16,000 രൂപ സബ്സിഡി, കേന്ദ്ര-സംസ്ഥാന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് മലബാര്‍ മേഖലയില്‍ മാത്രം മില്‍മയുടെ ലാഭം 102 കോടി രൂപയാണ്. ഈ ലാഭത്തിന്റെ 85 ശതമാനവും ചെലവഴിക്കുന്നത് ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യം ലഭ്യമാക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ ഡയറക്ടര്‍ പി.പി. നാരായണന്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുബ്ബണ്ണ ആല്‍വ, ജയന്തി, എസ്. ഭാരതി, സുന്ദരി ആര്. ഷെട്ടി, ഫാത്തിമത്ത് റുബീന, ജീന്‍ ലവീന നൊണ്ടേരോ, എന്മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹനീഫ്, ജില്ലാ പഞ്ചായത്തംഗം സി. നാരായണ നായിക്ക്, ബ്ലോക്ക് പഞ്ചായത്തംഗം അനില്‍കുമാര്‍, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബി.എസ്. ഗംഭീര, വെറ്ററിനറി സര്ജന് ഘനശ്യാം ജോഷി, മില്‍മ പി ആന്‍ഡ് ഐ ജില്ലാ മേധാവി വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. കെ. സദാനന്ദ ഷെട്ടി സ്വാഗതവും കെ. ഉഷാദേവി നന്ദിയും പറഞ്ഞു.