മരിയഭവനിലെ അന്തേവാസികൾക്കൊപ്പം സ്നേഹം പങ്കുവച്ച് കോളജ് വിദ്യാർഥികൾ
1597273
Monday, October 6, 2025 1:22 AM IST
രാജപുരം: ലോക വയോജനദിനത്തിൽ പെരിയ ചെർക്കപ്പാറയിലെ മരിയഭവൻ വൃദ്ധസദനത്തിൽ സ്നേഹവും കരുതലും പകർന്ന് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ എൻഎസ്എസ് വോളന്റിയർമാർ. വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഒരു പകൽ മുഴുവൻ ചെലവഴിച്ച വിദ്യാർഥികൾ അവർക്ക് ആവശ്യമായ അവശ്യവസ്തുക്കളും കൈമാറി.
വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്ക് താങ്ങും തണലുമാകേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് എൻഎസ്എസ് യൂണിറ്റ് മരിയഭവനിൽ ദിനാചരണം നടത്തിയത്. വോളന്റിയർമാർ അവതരിപ്പിച്ച കലാപരിപാടികൾ അന്തേവാസികൾക്ക് നവ്യാനുഭവമായി.
മരിയഭവൻ ഡയറക്ടർ ഫാ. നിക്സൺ എടാട്ട് പ്രസംഗിച്ചു. എൻഎസ്എസ് വോളന്റിയർ സെക്രട്ടറിമാരായ എം. കൃഷ്ണേന്ദു, പി.വി. ഋഷികേശ്, എൻ.എ. അനുശ്രീ, എം. ഗോപിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.