പള്‍സ് പോളിയോ ഇമ്യൂണൈസേഷന് 12ന്
1597581
Tuesday, October 7, 2025 1:20 AM IST
കാസര്‍ഗോഡ്: പള്‍സ് പോളിയോ ദിനമായ 12ന് അഞ്ചു വയസിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കുമായി സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ചുവയസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രത്യേകം സജ്ജികരിച്ച ബൂത്തുകള്‍ വഴി തുള്ളിമരുന്ന് വിതരണം ചെയ്യും. ജില്ലയില്‍ ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്നു നല്‍കുന്നത്. ഇതിനായി 1200 ഓളം ബൂത്തുകള്‍ സജ്ജീകരിക്കും.
12നു രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ സംസ്ഥാനത്തെ സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 13, 14 തീയതികളിലും ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. 12നു വാക്സിന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 13, 14 തീയതികളില്‍ വോളന്റിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശിച്ച് തുള്ളിമരുന്ന് നല്‍കും.
പോളിയോ മൈലൈറ്റിസ് കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന വൈറസ് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മറ്റൊരാളിലേക്ക് പകരുന്നു.
രോഗബാധിതരായാല്‍ കുടലില്‍ വൈറസ് പെരുകി നാഡീവ്യവസ്ഥയെ ബാധിക്കുകയും പേശികളുടെ ബലക്ഷയം, കൈകാലുകളില്‍ അംഗവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
രോഗത്തിന് മരുന്നില്ലെങ്കിലും ഫലപ്രദമായ വാക്സിന് ലഭ്യമാണ്. കേരളത്തില്‍ 2000നു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യ സംഘടന 2014 മാര്‍ച്ചില്‍ ഇന്ത്യയെ പോളിയോ മുക്തരാജ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അയല്‍രാജ്യങ്ങളില്‍ പോളിയോ കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കുന്നത് അനിവാര്യമാണ്.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, പോലീസ് വനിതാ-ശിശു വികസനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്ട്രോള് റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും എല്ലാ പ്രവര്‍ത്തനങ്ങളും സംസ്ഥാനതല കണ്ട്രോള് റൂമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടക്കും.