ഒരു വർഷത്തിനിടെ രണ്ടുതവണ റീടാറിംഗ്; വിദ്യാനഗർ സ്റ്റേഡിയം റോഡ് വീണ്ടും തകർന്നു
1597158
Sunday, October 5, 2025 7:38 AM IST
കാസർഗോഡ്: ഒരു വർഷത്തിനിടെ രണ്ടുതവണ റീടാറിംഗ് നടത്തിയ വിദ്യാനഗർ സ്റ്റേഡിയം-പടുവടുക്കം റോഡ് പിന്നെയും തകർന്നു. ചെങ്കള പഞ്ചായത്തിനു കീഴിലുള്ള റോഡ് അഞ്ചുലക്ഷം രൂപ ചെലവിലാണ് കഴിഞ്ഞവർഷം റീടാറിംഗ് നടത്തി നവീകരിച്ചത്.
എന്നാൽ, പണി പൂർത്തിയായി മൂന്നുമാസത്തിനകം പലയിടങ്ങളിലായി ടാറിംഗ് ഇളകി റോഡ് തകർന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. റോഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതിയും നൽകി. ഇതിനു പിന്നാലെ പഞ്ചായത്തിന്റെ നിർദേശപ്രകാരം അതേ കരാറുകാരന്റെ ഉത്തരവാദിത്വത്തിൽ വീണ്ടും കുഴികളടച്ച് ടാറിംഗ് നടത്തിയ റോഡാണ് ഇപ്പോൾ വീണ്ടും തകർന്നത്.
കളക്ടറേറ്റിൽ നിന്ന് വിളിപ്പാടകലെയുള്ള റോഡിന്റെ 350 മീറ്റർ ഭാഗം നഗരസഭാ പരിധിയിലും 150 മീറ്റർ ചെങ്കള പഞ്ചായത്തിന്റെ പരിധിയിലുമാണ്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഭാഗമാണ് റീടാറിംഗ് നടത്തിയിട്ടും തകർന്നത്. നഗരസഭയുടെ അധീനതയിലുള്ള ഭാഗത്തും ഇപ്പോൾ ചിലയിടങ്ങളിൽ റോഡ് തകരാൻ തുടങ്ങിയിട്ടുണ്ട്.
പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. മധൂർ, സീതാംഗോളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കളക്ടറേറ്റിലേക്കും കോടതികളിലേക്കും തിരിച്ചും പോകുന്നത് ഇതുവഴിയാണ്. കെഎസ്ഇബിയുടെ ജില്ലാ വൈദ്യുതിഭവനും ഈ റോഡിനോടുചേർന്നാണ്.
ദേശീയപാതയിൽ പണി നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ പോലും ഇതുവഴി കടന്നുപോകുന്നതുകൊണ്ടാണ് റോഡ് തകരുന്നതെന്നാണ് കരാറുകാരന്റെ വിശദീകരണം. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇതുവഴി പോകുന്നുണ്ട്.
റോഡിന്റെ ഇരുവശങ്ങളും കാടുകയറിയ നിലയിലാണ്. പലരും ഇവിടെ മാലിന്യങ്ങളും വലിച്ചെറിയുന്നു. ഇതുമൂലം രാത്രികാലങ്ങളിൽ കാട്ടുപന്നികളും തെരുവുനായ്ക്കളുമെല്ലാം ഇവിടം കൈയടക്കുന്നു. കളക്ടറേറ്റിന്റെ തൊട്ടടുത്ത് ഇങ്ങനെയൊരവസ്ഥ നിലനിൽക്കുന്ന കാര്യം നേരത്തേ ഒരു കെഎസ്ഇബി ഉദ്യോഗസ്ഥൻ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോൾ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് ഇദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇനി മഴ വിട്ടുമാറുമ്പോൾ വീണ്ടും അറ്റകുറ്റപ്പണി നടത്താമെന്നാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. പക്ഷേ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് എത്ര ലക്ഷങ്ങളാണ് ഇങ്ങനെ ചോർന്നുപോകുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.