ജില്ലാ ആശുപത്രിയിൽഹൃദയചികിത്സാ വിഭാഗത്തിലുള്ളത് ഒരു ഡോക്ടർ മാത്രം; രോഗികൾ ദുരിതത്തിൽ
1597153
Sunday, October 5, 2025 7:38 AM IST
കാഞ്ഞങ്ങാട്: പരിമിതികൾക്കിടയിലും സേവനമികവിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലാ ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തിലും ആളൊഴിയുന്നു.
ഈ വിഭാഗത്തിൽ ആകെയുള്ള രണ്ടു ഡോക്ടർമാരിൽ ഒരാളായ ഡോ.കെ.ജി.പ്രവീണയെയാണ് രണ്ടാഴ്ച മുമ്പ് സ്ഥലംമാറ്റിയത്. ഇതോടെ ഹൃദയചികിത്സാ വിഭാഗത്തെ നയിക്കുന്ന ഡോ.രാജി രാജൻ എല്ലാ ചുമതലകളും ഒറ്റയ്ക്ക് നിർവഹിക്കേണ്ട അവസ്ഥയിലായി. ഹൃദയചികിത്സാ വിദഗ്ധരായ രണ്ട് ഡോക്ടർമാരെ ഇവിടെ എത്തിച്ചതുതന്നെ മറ്റിടങ്ങളിൽ നിന്ന് ജോലിക്രമീകരണത്തിലൂടെയാണ്. ഇതിൽ ഒരാളെയാണ് ഇപ്പോൾ സ്ഥലംമാറ്റിയിരിക്കുന്നത്.
ഇനി തത്കാലം വീണ്ടുമൊരു ജോലിക്രമീകരണത്തിലൂടെ മറ്റൊരാൾ എത്തുന്നതുവരെ ഹൃദയചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റുമെന്നാണ് ആശങ്ക. ജില്ലാ ആശുപത്രിയിൽ മൂന്നുവർഷം മുമ്പ് തുടങ്ങിയ ഹൃദയചികിത്സാ വിഭാഗവും കാത്ത് ലാബും ചുരുങ്ങിയ കാലത്തിനുള്ളിൽ ആയിരക്കണക്കിനാളുകൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
മൂന്നുവർഷത്തിനിടെ 655 പേർക്ക് ഹൃദയധമനികളിലെ തടസം നീക്കാനുള്ള ആൻജിയോപ്ലാസ്റ്റി ചികിത്സയും 1127 പേർക്ക് ആൻജിയോഗ്രാം പരിശോധനയും 10750 പേർക്ക് എക്കോ ടെസ്റ്റുകളും ഇവിടെ വിജയകരമായി നടത്തി.
സ്വകാര്യ ആശുപത്രികളിൽ ഉയർന്ന ചികിത്സാച്ചെലവ് വേണ്ടിവരുന്ന പെരഫിയൽ ആൻജിയോഗ്രാം, പിഒബി എ, ഹോൾട്ടർ, ടിഎംടി തുടങ്ങിയ പരിശോധനകളും ചികിത്സകളും ഇവിടെനിന്ന് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഹൃദയചികിത്സാ വിഭാഗം പ്രവർത്തനം തുടങ്ങി മൂന്നുവർഷമായിട്ടും ഇവിടെ കാർഡിയോളജിസ്റ്റിന്റെ തസ്തിക പോലും അനുവദിച്ചിട്ടില്ല. ആരോഗ്യമന്ത്രി ഓരോതവണ ജില്ല സന്ദർശിക്കുമ്പോഴും ഇക്കാര്യത്തിൽ വാഗ്ദാനം ആവർത്തിക്കുകമാത്രമാണ് ഉണ്ടാകുന്നത്.