ഓണം ബംപറിന്റെ രണ്ടും മൂന്നും സമ്മാനങ്ങൾ കാഞ്ഞങ്ങാട്ടുമെത്തി
1597154
Sunday, October 5, 2025 7:38 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപർ നറുക്കെടുപ്പിൽ രണ്ടും മൂന്നും സമ്മാനങ്ങൾ കാഞ്ഞങ്ങാട്ടുമെത്തി. രണ്ടാം സമ്മാനമായ ഒരു കോടിരൂപ കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിന് സമീപത്തെ റഹ്മത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭഗവതി ലോട്ടറി ഏജൻസിക്കു കീഴിലെ സബ് ഏജന്റ് മാലക്കല്ല് പൂങ്കുന്നം സ്വദേശി പി.എം. നാരായണൻ വില്പന നടത്തിയ ടിഡി 779299 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്.
കഴിഞ്ഞ നാലുവർഷമായി ലോട്ടറി വില്പന നടത്തുന്ന നാരായണൻ ഇതാദ്യമായാണ് ഇത്രയും വലിയൊരു തുകയ്ക്കുള്ള സമ്മാനത്തിന് വഴിയൊരുക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഉടമയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കോളിച്ചാൽ ഭാഗത്താണ് വില്പന നടത്തിയതെന്നാണ് നാരായണന്റെ അനുമാനം. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത് കാഞ്ഞങ്ങാട് നയാബസാറിൽ പ്രവർത്തിക്കുന്ന മൂകാംബിക ലോട്ടറി ഏജൻസി വില്പന നടത്തിയ ടിഇ 605483 നമ്പർ ടിക്കറ്റിനാണ്.