റോബോട്ടിക് പാഠങ്ങളുമായി ലിറ്റില്‍ കൈറ്റ്സ് കുട്ടി ടീച്ചര്മാര്
1597574
Tuesday, October 7, 2025 1:20 AM IST
കാസര്‍ഗോഡ്: ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഐടി ലാബുകളിലേയ്ക്ക് റോബോട്ടിക് കിറ്റുകളുമായി അധ്യാപകര്‍ക്കു പകരം കുട്ടി ടീച്ചര്മാര് എത്തിയപ്പോള്‍ സഹപാഠികള്‍ക്ക് ആദ്യം കൗതുകം. പിന്നീട് ആത്മവിശ്വാസം. 10-ാം ക്ലാസിലെ മാറിയ ഐടി പാഠപുസ്തകത്തിലെ റോബോട്ടിക് പഠനവും, പരീക്ഷയും സ്കൂളുകള്‍ക്ക് വെല്ലുവിളിയാകമ്പോഴാണ് അധ്യാപകരെ സഹായിക്കാന്‍ വേണ്ടി ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ കുട്ടി ടീച്ചര്‍മാരായത്.
ഒക്ടോബര്‍ പകുതിയോടെ എത്തുന്ന ഐടി അര്‍ധവാര്‍ഷിക പരീക്ഷയില്‍ റോബോട്ടിക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഉണ്ട് എന്നത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വെല്ലുവിളികളുയര്ത്തുമ്പോഴാണ് ഇവരിലേയ്ക്ക് ആത്മവിശ്വാസം പകരാന്‍ റോബോ ക്ലാസുകളുമായി ലിറ്റില്‍ കൈറ്റ്സിന്റെ മിടുക്കന്മാര് എത്തിയത്.
റോബോട്ടിക് പാഠപുസ്തക പരിശീലനത്തില്‍ കിട്ടിയ അറിവുകള്‍ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാനും ഓര്മ പുതുക്കാനും അധ്യാപകര്‍ക്കും ഒരവസരമായി ഈ ദിനം മാറി. പ്രിയര്‍ ഗ്രൂപ്പ് പഠന രീതിയിലൂടെ ലിറ്റില്‍ കൈറ്റ്സിന്റെ സേവനം തുടര്‍ന്ന് ഉപയോഗിക്കാനാണ് പത്താം ക്ലാസില്‍ ഐടി പഠിപ്പിക്കുന്ന അധ്യാപകരുടെ തീരുമാനം.