22.5 കിലോ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്
1598599
Friday, October 10, 2025 7:33 AM IST
കാസര്‍ഗോഡ്: ഓട്ടോറിക്ഷയില്‍ കടത്തിയ 22.5 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേര്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലിക്കട്ട ആമൂസ് നഗറിലെ അബ്ദുള്‍ റഹ്മാന് (55), പെരുമ്പളകടവിലെ അഹമ്മദ് കബീര്‍ (43), ആദൂര്‍ കുണ്ടാറിലെ മുഹമ്മദ് ഹാരിസ് (40) എന്നിവരെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി -രണ്ട് ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2022 ഫെബ്രുവരി നാലിനു രാത്രി 8.30നു കാസര്‍ഗോഡ് ചൗക്കി പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയിലൂടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കാസര്‍ഗോഡ് ഇന്‍സ്പെക്ടറായിരുന്ന പി. അജിത്കുമാറാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്, അഭിഭാഷക കെ. ചിത്രകല എന്നിവര്‍ ഹാജരായി.